കർണാടകയിലെ ചില പെട്രോൾ പമ്പുകളിൽ അനുവദനീയമായ പരിധിയേക്കാൾ കൂടുതൽ എഥനോൾ കലർത്തിയ പെട്രോൾ വിൽക്കുന്നുവെന്ന സംസ്ഥാന സർക്കാരിൻ്റെ ആരോപണം തള്ളി കേന്ദ്ര സർക്കാർ. രാജ്യത്ത് പൊതുമേഖലാ എണ്ണക്കമ്പനികൾ വിതരണം ചെയ്യുന്ന ഇ20 (E20) പെട്രോൾ നിശ്ചിത ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം വ്യക്തമാക്കി. ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.

കർണാടക സർക്കാർ ഒക്ടോബറിൽ നടത്തിയ പരിശോധനയിൽ ചില പെട്രോൾ സാമ്പിളുകളിൽ 26 മുതൽ 31 ശതമാനം വരെ എഥനോൾ കണ്ടെത്തിയെന്നായിരുന്നു ആരോപണം. ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസിഎൽ), ഭാരത് പെട്രോളിയം (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം (എച്ച്പിസിഎൽ) എന്നീ പൊതുമേഖലാ എണ്ണക്കമ്പനികൾ ഈ കണ്ടെത്തലുകളെ ചോദ്യം ചെയ്തിരുന്നു.

പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ച രീതി നിശ്ചിത നടപടിക്രമങ്ങൾ പാലിച്ചുള്ളതല്ലെന്നാണ് കമ്പനികളുടെ വിശദീകരണം. എണ്ണക്കമ്പനി പ്രതിനിധികളുടെ സാന്നിധ്യമില്ലാതെയാണ് ഒക്ടോബറിലെ സാമ്പിളുകൾ ശേഖരിച്ചതെന്നും പരിശോധനാ റിപ്പോർട്ടുകളും സാമ്പിളുകളുടെ പകർപ്പുകളും പൂർണമായ വിവരങ്ങളും ലഭിച്ചിട്ടില്ലെന്നും കമ്പനികൾ ചൂണ്ടിക്കാട്ടി. അംഗീകൃത നടപടിക്രമങ്ങൾ പ്രകാരമുള്ള പരിശോധനയിലൂടെയല്ല കണ്ടെത്തലുകൾ നടത്തിയതെന്നും മന്ത്രാലയം വ്യക്തമാക്കി.

Related Posts