ബെംഗളൂരുവിലെ രാജാജിനഗറിൽ ഭാര്യയും കുടുംബാംഗങ്ങളുമടക്കം ഏഴുപേരെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കേസിലെ പ്രതി എസ്. ഇന്ദുശേഖറിൻ്റെ ഭാര്യ സുനിതയുടെയും ഭാര്യാമാതാവ് രൂപവതിയുടെയും മൃതദേഹങ്ങൾ തമിഴ്നാട്ടിലെ സേലം വനമേഖലയിൽനിന്ന് പൊലീസ് കണ്ടെത്തി. ഇതോടെ കേസിൽ കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം മൂന്നായി.
മൃതശരീരങ്ങൾ തിരിച്ചറിയുന്നതിനും തുടർ നിയമനടപടികൾ പൂർത്തിയാക്കുന്നതിനുമായി 12 അംഗ കുടുംബാംഗസംഘം സേലത്തേക്ക് തിരിച്ചു.
ഒക്ടോബർ 14നാണ് സുനിതയെ പ്രതി കൊലപ്പെടുത്തിയത്. തൊട്ടടുത്ത ദിവസം മകളുടെ സഹായത്തോടെ ഭാര്യാമാതാവ് രൂപവതിയെ അത്താഴവിരുന്നിനെന്ന വ്യാജേന വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു. ഉറക്കഗുളിക നൽകി മയക്കിയശേഷം കല്ലുകൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
കൊലപാതകങ്ങൾക്ക് പിന്നാലെ ഭാര്യയുടെയും മറ്റ് മൂന്ന് സ്ത്രീകളുടെയും ശരീരത്തിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ പ്രതി കവർന്നതായും അന്വേഷണത്തിൽ വ്യക്തമായി. ഇവ വിറ്റഴിച്ചിരിക്കാമെന്ന് സംശയിക്കുന്ന കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.
പ്രതിയുടെ കാറിൽനിന്ന് ആറോളം പെർഫ്യൂം കുപ്പികളും പൊലീസ് കണ്ടെത്തി. മൃതദേഹങ്ങളിൽനിന്നുള്ള ദുർഗന്ധം മറയ്ക്കാനാണോ ഇവ ഉപയോഗിച്ചതെന്ന കാര്യവും പരിശോധിക്കുന്നുണ്ട്.
ഒക്ടോബർ 29ന് കൊല്ലപ്പെട്ട ഏഴുവയസ്സുകാരൻ പുനീതിൻ്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലയിലും നെറ്റിയിലുമായി നാല് മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും പൊലീസ് ശേഖരിച്ചുവരികയാണ്.
ബെംഗളൂരു ഉൽസൂർഗേറ്റിൽവെച്ചാണ് ഇന്ദുശേഖറിനെ പൊലീസ് പിടികൂടിയത്. അറസ്റ്റിലാകുമ്പോൾ കൊല്ലപ്പെട്ട ദമ്പതികളുടെ പത്തുവയസ്സുള്ള മകനും ഇയാളുടെ കാറിലുണ്ടായിരുന്നു. മാതാപിതാക്കൾ തീർഥാടനത്തിന് പോയിരിക്കുകയാണെന്ന് വിശ്വസിപ്പിച്ചാണ് കുട്ടിയെ കൂടെ കൂട്ടിയത്. കുട്ടിയെയും കൊലപ്പെടുത്താൻ പ്രതി പദ്ധതിയിട്ടിരുന്നതായാണ് പൊലീസിൻ്റെ കണ്ടെത്തൽ. സമയോചിതമായ ഇടപെടലിലൂടെ കുട്ടിയെ സുരക്ഷിതമായി രക്ഷപ്പെടുത്താൻ പൊലീസിന് കഴിഞ്ഞു.
ദീർഘകാലമായി നിലനിന്ന കുടുംബവഴക്കും ഭാര്യയുടെ ബന്ധുക്കളോടുള്ള വിരോധവുമാണ് കൂട്ടക്കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. കൊലപാതകങ്ങളിൽ സഹായിച്ചിട്ടുണ്ടെന്ന് സംശയിക്കുന്ന പ്രതിയുടെ 17 വയസ്സുള്ള മകളുടെ പങ്കും പൊലീസ് അന്വേഷിച്ചുവരികയാണ്.