അർജന്റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെ കേരളത്തിലെത്തിക്കാമെന്ന പേരിൽ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന സാമ്പത്തിക തട്ടിപ്പിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) കേസെടുത്തു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് ഇഡിയുടെ കൊച്ചി യൂണിറ്റ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേരള പൊലീസിൻ്റെ എഫ്ഐആറിൻ്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഏജൻസിയുടെ നടപടി.
പൊലീസ് കേസെടുത്ത് പരിശോധനകൾ നടത്തിയ ഘട്ടത്തിൽ തന്നെ ഇഡി പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു. രണ്ടാഴ്ച മുമ്പ് കേസ് രജിസ്റ്റർ ചെയ്യാനുള്ള അനുമതി ലഭിച്ചതോടെയാണ് ആന്റോ അഗസ്റ്റിൻ ഉൾപ്പെടെയുള്ളവർക്കെതിരെ ഔദ്യോഗികമായി കേസെടുത്തത്. സാമ്പത്തിക വിശ്വാസവഞ്ചനയിലൂടെ പണം സമാഹരിക്കുകയും അത് കള്ളപ്പണം വെളുപ്പിക്കലിന് ഉപയോഗിക്കുകയും ചെയ്തിട്ടുണ്ടോയെന്നാണ് ഇഡി പരിശോധിക്കുന്നത്.
കേസിൻ്റെ ഭാഗമായി കൊച്ചിയിലെ കലൂർ സ്റ്റേഡിയം കൈമാറ്റവുമായി ബന്ധപ്പെട്ട ഇടപാടുകളും ഇഡി വിശദമായി പരിശോധിക്കും. സാധാരണയായി സ്റ്റേഡിയം കൈമാറുന്നതിന് അഞ്ച് കോടി രൂപയോളം നൽകേണ്ടതുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ ഈ തുക നൽകാതെയാണ് സ്റ്റേഡിയം റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് കൈമാറിയതെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലും ക്രമക്കേടുകളുണ്ടോയെന്ന് അന്വേഷണസംഘം പരിശോധിക്കും.
ഇഡി കേസ് രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ പരിശോധന നടത്താനും ആന്റോ അഗസ്റ്റിൻ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യലിന് വിളിപ്പിക്കാനും സാധ്യതയുണ്ട്. മെസിയെ കേരളത്തിലെത്തിക്കാനുള്ള നീക്കവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് അന്വേഷണത്തിൻ്റെ പ്രധാന പരിധിയിൽ വരുന്നത്.
മുൻ എൽഡിഎഫ് സർക്കാരിൻ്റെ കാലത്താണ് മെസിയെ കേരളത്തിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് നടന്നതായി കായികവകുപ്പ് റിപ്പോർട്ട് നൽകിയതിനെ തുടർന്ന് പ്രത്യേക അന്വേഷണ സംഘത്തെയും (എസ്ഐടി) രൂപീകരിച്ചിരുന്നു.
നേരത്തെ കളമശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആന്റോ അഗസ്റ്റിനാണ് ഒന്നാം പ്രതി. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയെ രണ്ടാം പ്രതിയാക്കിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നത്. പൊലീസ് അന്വേഷണത്തിന് പിന്നാലെ ഇഡിയും രംഗത്തെത്തിയതോടെ കേസിൽ കൂടുതൽ സാമ്പത്തിക ഇടപാടുകൾ പുറത്തുവരുമോയെന്നാണ് ഇനി അറിയേണ്ടത്.