കഥാകൃത്തും മാധ്യമപ്രവർത്തകനുമായ ഇ.വി. ശ്രീധരൻ അന്തരിച്ചു. കോഴിക്കോട്ട് വടകരയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാരം കോഴിക്കോട് വള്ളിക്കാട് വടവത്തും താഴെപ്പാലം വീട്ടുവളപ്പിൽ നടക്കും. കലാകൗമുദി വാരികയുടെ പത്രാധിപസമിതി അംഗമായി ഇ.വി. ശ്രീധരൻ ദീർഘകാലം പ്രവർത്തിച്ചിരുന്നു. മദ്രാസിൽ പത്രപ്രവർത്തനം തുടങ്ങിയ അദ്ദേഹം കലാ കൗമുദിയിലൂടെ തിരുവനന്തപുരത്തെത്തി. കോൺഗ്രസിൻ്റെ മുഖപത്രമായിരുന്ന വീക്ഷണത്തിലും രണ്ടുവർഷം പ്രവർത്തിച്ചു.
ദൈവക്കളി, ഏതോ പൂവുകൾ, നന്ദിമാത്രം, കാറ്റുപോലെ എന്നിവ അദ്ദേഹത്തിൻ്റെ നോവലുകളാണ്. ഈ നിലാവലയിൽ, താമരക്കുളത്തെ അമ്മുക്കുട്ടി, ഒന്നാം പ്രതി, ഓർമ്മയിലും ഒരു വിഷ്‌ണു, ജാനകിയുടെ സ്‌മാരകം, എലികളും പത്രാധിപരും, ലബോറട്ടറിയിലെ പൂക്കൾ തുടങ്ങിയവയാണ് പ്രധാന കഥാസമാഹാരങ്ങൾ.