മേയ് 29 വരെ പട്ടികജാതി (എസ്.സി) വിഭാഗങ്ങൾക്കായുള്ള സംസ്ഥാനതല ആഭ്യന്തര സംവരണ സർവേ നീട്ടി. ഇതു രണ്ടാം തവണയാണ് തീയതി നീട്ടി നൽകുന്നത്. ആദ്യം മേയ് 17 നകം സർവേ പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഇത് പിന്നീട് മേയ് 25ലേക്ക് നീട്ടി. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ ബംഗളുരുവിലുണ്ടായ കനത്ത മഴ എന്യൂമറേറ്റർമാരുടെ പ്രവർത്തനം തടസ്സപ്പെടുത്തിയതോടെയാണ് തീയതി നീട്ടാൻ തീരുമാനിച്ചത്. ബംഗളൂരു നഗരത്തിൽ മറ്റു ജില്ലകളെ അപേക്ഷിച്ച് സർവേ മന്ദഗതിയിലായിരുന്നു നീങ്ങിയത്.
മേയ് 28 നകം ഓൺലൈനായി വിവരങ്ങൾ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് സമർപ്പിക്കാം. നിലവിലുള്ള സംവരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സമഗ്രവും ശാസ്ത്രീയവുമായ വിവരങ്ങൾ ശേഖരിക്കുക എന്നതാണ് സർവേയുടെ ലക്ഷ്യം. 2024 ആഗസ്റ്റ് 1 ലെ സുപ്രീംകോടതി ഉത്തരവിന് അനുസരിച്ചും റിട്ട. ഹൈകോടതി ജഡ്ജി നാഗമോഹൻ ദാസ് നേതൃത്വം നൽകുന്ന ഏകാംഗ കമ്മീഷൻ്റെ ശിപാർശകളുടെ അടിസ്ഥാനത്തിലുമാണ് സർവേ നടത്തുന്നത്.
ഏകദേശം 100 കോടി രൂപ സർവേ നടപടികൾക്കായി സർക്കാർ അനുവദിച്ചിട്ടുണ്ട്. സർവേക്കായി ഏകദേശം 65,000 അധ്യാപകരെയും നിയോഗിച്ചു. ഇപ്പോൾ നടക്കുന്ന സർവേ ജാതി സെൻസസ് അല്ലെന്നും പട്ടികജാതി സമൂഹങ്ങളെ കേന്ദ്രീകരിച്ച് മാത്രമുള്ള സർവേയാണെന്നും തിങ്കളാഴ്ച ബംഗളൂരുവിൽ വാർത്തസമ്മേളനത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.