പത്തനം തിട്ടയിൽ ഹോംനഴ്സിൻ്റെ മർദനമേറ്റ് ഒരുമാസമായി ചികിത്സയിലായിരുന്ന വിമുക്തഭടൻ മരിച്ചു മറവിരോഗം ബാധിച്ച, തട്ട പറപ്പെട്ടി സന്തോഷ് ഭവനിൽ ശശിധരൻപിള്ള (60) ആണ് മരിച്ചത്. ഏപ്രിലിൽ വീട്ടിൽ ഹോംനഴ്സിൻ്റെ മർദനമേറ്റ് അവശനിലയിലായ ശശിധരൻപിള്ള പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 2 ദിവസം മുമ്പ് വീട്ടിൽ കൊണ്ടുവന്നെങ്കിലും ആരോഗ്യനില വഷളായതോടെ വീണ്ടും പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെയാണ് മരിച്ചത്. ഹോംനഴ്സിന്റെ മർദനമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചു.

ഹോംനഴ്‌സ്, കൊട്ടാരക്കര വിളക്കുടി ഭാസ്കരവിലാസത്തിൽ വിഷ്‌ണു (37)-വിനെ ശശിധരൻ പിള്ളയെ മർദിച്ച കേസിൽ കൊടുമൺ പോലീസ് അറസ്റ്റുചെയ്തിരുന്നു. മറവിരോഗത്താലും മറ്റും പ്രയാസം അനുഭവിക്കുന്ന ശശിധരൻപിള്ള 7 വർഷമായി കിടപ്പിലായിരുന്നു. ബിഎസ്എഫിൽ നിന്ന് വിരമിച്ച ഇദ്ദേഹത്തെ പരിചരിക്കുന്നതിനായി, അടൂരിലെ ഒരു ഏജൻസി മുഖാന്തരം രണ്ടരമാസം മുമ്പാണ് വിഷ്‌ണുവിനെ നിയോഗിച്ചത്. തഞ്ചാവൂരിൽ ഗവൺമെന്റ് സർവീസിൽ അധ്യാപികയായ ഭാര്യ എം.എസ്. അനിതകുമാരി ഹോംനഴ്സിനോട്, ഭർത്താവിനെ നല്ലവണ്ണം നോക്കണമെന്നും വീട്ടിൽ നിന്ന് പുറത്തുപോയാൽ പെട്ടെന്ന് തിരിച്ചുവരണമെന്നും പറഞ്ഞതിലുള്ള വിരോധം കാരണമായിരുന്നു മർദനം.

മുഖത്ത് വടികൊണ്ട് കുത്തിയതുകാരണം ഇടതുകണ്ണിന് താഴെ അസ്ഥിപൊട്ടിയിരുന്നു. ഇടതുമുട്ടിന് താഴെ ബെൽറ്റ് കൊണ്ടുള്ള അടിയേറ്റ് മുറിവുണ്ടായി. തറയിൽ തള്ളിയിട്ടു വലിച്ചപ്പോൾ മുതുക് ചതഞ്ഞു. ഇതേത്തുടർന്നാണ് ശശിധരൻപിള്ള അബോധാവസ്ഥയിലായത്. അനിത ഏപ്രിൽ 23-ന് വീട്ടിലേക്ക് ഫോൺ വിളിച്ചപ്പോൾ അസ്വാഭാവികമായ ബഹളംകേട്ടു. തുടർന്ന് അയൽവാസികളെ വിളിച്ചറിയിച്ചു. അവർ വീട്ടിലെത്തി നോക്കിയപ്പോൾ ശശിധരൻപിള്ളയുടെ മുഖത്തും മറ്റും പാടുകൾ കണ്ട് കാര്യം തിരക്കി. എന്നാൽ, തറയിൽ വീണ് സംഭവിച്ചതാണെന്നായിരുന്നു വിഷ്‌ണുവിൻ്റെ മറുപടി.

Related Posts