സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായി. ഇന്ന് അതി തീവ്രമഴയ്ക്ക് സാധ്യത. സംസ്ഥാനത്തെ 11 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 3 ജില്ലകള്‍ക്ക് തീവ്രമഴയ്ക്കുള്ള ഓറഞ്ച് അലര്‍ട്ടും നിലവിലുണ്ട്. എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, പത്തനം തിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട്. തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. വടക്കന്‍ ജില്ലകളില്‍ ഞായറാഴ്ച രാത്രി ശക്തമായ മഴയാണ് പെയ്തിറങ്ങിയത്.

കണ്ണൂര്‍, കോഴിക്കോട്, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ വരും മണിക്കൂറുകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൊല്ലം, ആലപ്പുഴ, കാസർഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത നിലനില്‍ക്കുന്നതായും ഏറ്റവും പുതിയ മുന്നറിയിപ്പ് പറയുന്നു.

ചൊവ്വാഴ്ചയോടെ മഴ കൂടുതല്‍ വ്യാപകമാകും ജൂണ്‍ ആദ്യവാരം വരെ മഴ തുടരാനാണ് സാധ്യത. അതേസമയം, സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ വിവിധ ജില്ലകളില്‍ വ്യാപക നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കാറ്റിലും മഴയിലും മലയോര മേഖലയിൽ നാശം തുടരുന്നു. ശനിയാഴ്ച്ച വൈകിട്ടുണ്ടായ ചുഴിലിക്കാറ്റിൽ തകർന്ന വൈദ്യുതി ബന്ധം പൂർണ്ണതോതിൽ പുനസ്ഥാപിക്കാനായില്ല. മേഖലയിൽ മരം വീണും മറ്റും നിരവധി വൈദ്യുതി തൂണുകൽ നിലംപൊത്തിയതാണ് വൈദ്യുതി ബന്ധം തകരാറിലാക്കിയത്.

ബാരാപോൾ, ബാവലി, പുഴകളിൽ നീരൊഴുക്ക് കൂടിയതോടെ പഴശ്ശി പദ്ധതിയുടെ കൂടുതൽ ഷട്ടറുകൾ തുറന്ന് കുടിവെള്ളത്തിനായി സംഭരിച്ച വെള്ളം വളപട്ടണം പുഴയിലേക്ക് ഒഴുക്കിവിട്ടു. പദ്ധതിയുടെ 16 ഷട്ടറുകളിൽ 7 ഷട്ടറുകൾ ഒരു മീറ്റർ ഉയർത്തി. ശക്തമായ മഴയിൽ പായം കോണ്ടബ്രയിലെ കീരാദേശ്വര ക്ഷേത്രത്തിന്റെ മതിൽക്കെട്ട് തകർന്നു.എട്ടുമീറ്റർ ഉയരത്തിലും 50 മീറ്ററോളം നീളത്തിലുമുള്ള കോൺക്രീറ്റ് ബെൽറ്റും ഫില്ലറും ഉൾപ്പെടെ സ്ഥാപിച്ച മകിലാണ് തകർന്നത്. 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

മരങ്ങൾ വീണ് വൈദ്യുതി തൂണുകൾ തകർന്ന്‌ ഇരിട്ടി, അത്തി, പയഞ്ചേരി ഭാഗങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. കീഴൂർ മഠപ്പുര റോഡിൽ 18 കോൽ താഴ്ച്ചയുള്ള വീട്ടുകിണർ ഇടിഞ്ഞുതാഴ്ന്നു. എം.ദിവ്യയുടെ കിണറാണ് ഇടിഞ്ഞത്. അഞ്ചുകോലോളം മുകളിൽ നിന്നും താഴേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. വൈദ്യുതി പുനസ്ഥാപിക്കാനും ഗതാഗത തടസ്സം നീക്കാനും അഗ്നിരക്ഷാസേനയും കെഎസ്‌ഇബി ജീവനക്കാരും രംഗത്തുണ്ട്‌. ഇരിട്ടി പുഴയിൽ നീരൊഴുക്ക്‌ കനത്തു.

ഇരിട്ടി പുതിയ ബസ്റ്റാൻഡ്‌ വൺവെ റോഡിൽ മരം പൊട്ടി കാറിന്‌ മുകളിൽ വീണ്‌ കാർ ഭാഗികമായി തകർന്നു. വികാസ്‌ നഗറിൽ സ്വകാര്യ വ്യക്തിയുടെ മതിൽ മഴയിൽ തകർന്നു.

Related Posts