ശിരോമണി അകാലിദള്‍ നേതാവിനെ പഞ്ചാബില്‍ അജ്ഞാതര്‍ വെടിവെച്ച് കൊലപ്പെടുത്തി. അമൃത്സറിലെ ജണ്ഡ്യാല ഗുരുവിലെ അകാലിദള്‍ കൗണ്‍സിലറായ ഹര്‍ജീന്ദര്‍ സിങ് ആണ് ആണ് കൊല്ലപ്പെട്ടത്. 2 തവണ ഹര്‍ജീന്ദറിൻ്റെ തലയ്ക്ക് വെടിയേറ്റു. ഞായറാഴ്ച ടൗണിലെ ഒരു ഗുരുദ്വാരയ്ക്ക് സമീപത്തായിരുന്നു സംഭവം. ബൈക്കില്‍ മുഖം മറച്ചെത്തിയവരാണ് ഹര്‍ജീന്ദര്‍ സിങ്ങിനെ വെടിവെച്ച് കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. 4 പേരാണ് അക്രമിസംഘത്തിലുണ്ടായിരുന്നത്.

ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. ഹര്‍ജീന്ദറിൻ്റെ വീടിന് നേരേ ഏതാനും ദിവസങ്ങൾക്ക് മുൻപും വെടിവെപ്പ് ഉണ്ടായിരുന്നു. ഈ അക്രമികൾ തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്ന് അദ്ദേഹത്തിൻ്റെ ആരോപിച്ചു. ഇവര്‍ ഹര്‍ജീന്ദറിന് നേരേ ഭീഷണി മുഴക്കിയിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു.

ഹര്‍ജീന്ദറിൻ്റെ വീടിന് നേരേ നേരത്തേ മുഖംമറച്ചെത്തിയ അക്രമികള്‍ വെടിയുതിര്‍ക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ മുതിര്‍ന്ന അകാലിദള്‍ നേതാവ് ബീക്കാറം സിങ് സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. പഞ്ചാബിലെ ക്രമസമാധാനനില ആം ആദ്മി സര്‍ക്കാരിൻ്റെ ഭരണത്തില്‍ തകര്‍ന്നിരിക്കുകയാണെന്നും ബീക്കാറാം സിങ് കുറ്റപ്പെടുത്തി. പ്രതികളെ തിരിച്ചറിഞ്ഞതായും സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

Related Posts