ആപ്പിൾ കടിച്ച ശേഷം ജനക്കൂട്ടത്തിന് നേരെ എറിഞ്ഞു നൽകുന്ന കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൻ വിവാദമാകുന്നു. പൊതുപരിപാടിക്കിടെയായിരുന്നു സംഭവം. കനകപുരയിലെ ഹാരോഹള്ളിയിൽ നടന്ന സ്വീകരണ പരിപാടിക്കിടെയാണ് വിവാദമായ സംഭവം. വീഡിയോ വൈറലായതോടെ ശക്തമായ വിമർശനങ്ങളാണ് മുഖ്യമന്ത്രിക്കെതിരെ ഉയരുന്നത്. ഒരു പൊതുപ്രവർത്തകന് ചേർന്ന നടപടിയല്ല ഇതെന്ന് സമൂഹമാധ്യമങ്ങളിൽ ചിലർ പറഞ്ഞു.
മണ്ഡലത്തിൽ എത്തിയ ശിവകുമാറിന് വൻ വരവേൽപ്പാണ് അണികൾ നൽകിയത്. ഇതിന്റെ ഭാഗമായി ആപ്പിളുകളും പൂക്കളും കോർത്തിണക്കി തയ്യാറാക്കിയ വലിയ ഹാരം ക്രെയിൻ ഉപയോഗിച്ച് അദ്ദേഹത്തെ അണിയിച്ചു. ഇതിനിടെ ഹാരത്തിൽ നിന്ന് ആപ്പിളുകൾ ഓരോന്നായി പറിച്ച് കടിച്ച ശേഷം ശിവകുമാർ താഴെ തടിച്ചുകൂടിയ അണികൾക്ക് നേരെ എറിഞ്ഞു കൊടുക്കുകയായിരുന്നു. ആവേശത്തോടെയാണ് അണികൾ ഇത് കൈക്കലാക്കാൻ ശ്രമിച്ചത്.
കർണാടക മുഖ്യമന്ത്രി സ്വയം ഒരു ദൈവമാണെന്ന് കരുതിയാണോ ‘പ്രസാദം’ എന്ന രീതിയിൽ എച്ചിൽ ആഹാരം ജനങ്ങൾക്ക് നൽകുന്നതെന്ന് പലരും സമൂഹമാധ്യമങ്ങളിൽ ചോദിച്ചു. അണികളോടുള്ള സ്നേഹപ്രകടനത്തിന്റെ ഭാഗമായുള്ള ഇടപെടൽ മാത്രമാണിതെന്നാണ് മുഖ്യമന്ത്രിയെ അനുകൂലിക്കുന്നവരുടെ വാദം.