ഗ്രേറ്റർ ബംഗളൂരു എരിയ പരിധിക്കു കീഴിലുള്ള അഞ്ച് നഗരങ്ങളിലെ കോർപറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിൽ നടത്തുമെന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ജി.എസ്. സംഗ്രേഷി അറിയിച്ചു. ജിബിഎ നിയമപ്രകാരം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളോ ബാലറ്റ് പേപ്പറോ ഉപയോഗിക്കാൻ അനുമതിയുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ബാലറ്റ് പേപ്പർ ഉപയോഗിക്കുന്നതിനു തടസങ്ങളില്ലാത്തതിനാൽ ബാലറ്റ് പേപ്പറുകളുമായി തന്നെ മുന്നോട്ട് പോകുമെന്ന് അദ്ദേഹം അറിയിച്ചു. ജൂൺ 30ന് മുമ്പായി നഗരസഭാ തെരഞ്ഞെടുപ്പുകൾ നടത്താനാണ് തീരുമാനം. വോട്ടിംഗ് മെഷിംഗ് ക്രമക്കേടുകളെക്കുറിച്ച് പ്രതിപക്ഷപാർട്ടികൾ ശക്തമായി ആരോപണങ്ങൾ ഉയർത്തുന്നതിനിടയിലാണ് കോൺഗ്രസ് ഭരിക്കുന്ന കർണാടകയുടെ പുതിയ നീക്കം.
പുതുതായി രൂപീകരിച്ച അഞ്ച് നഗര കോർപറേഷനുകളിലെ (ബംഗളൂരു സെൻട്രൽ, ബംഗളൂരു ഈസ്റ്റ്, ബംഗളൂരു വെസ്റ്റ്, ബംഗളൂരു സൗത്ത്, ബംഗളൂരു നോർത്ത്) 369 വാർഡുകൾ ഉൾപ്പെടുത്തിയതാണ് കരട് വോട്ടർപട്ടിക. കരട് വോട്ടർപട്ടികയിൽ 43,20,583 സ്ത്രീകളും 45,69,193 പുരുഷന്മാരും മറ്റ് വിഭാഗങ്ങളിൽപ്പെട്ട 1,635 വോട്ടർമാരുമാണ് ഉൾപ്പെട്ടിരിക്കുന്നത്. വോട്ടർപട്ടിക പുതുക്കൽ നടപടികളുടെ ഭാഗമായി നാളെ മുതൽ ഫെബ്രുവരി മൂന്നു വരെ ബൂത്ത് ലെവൽ ഓഫീസർമാർ വീടുകൾ കയറിയുള്ള പരിശോധന നടത്തുമെന്നും ഈ കാലയളവിൽ വോട്ടർമാർക്കു പരാതികൾ നൽകാനും തിരുത്തലുകൾ വരുത്താനും സാധിക്കുമെന്നും അധികൃതർ അറിയിച്ചു.