ധര്‍മ്മസ്ഥലയിൽ കൊലപാതകങ്ങളും കൂട്ടബലാത്സംഗങ്ങളും നടന്നുവെന്ന് ആരോപിച്ച പരാതിക്കാരനായ മുൻ ശുചീകരണ തൊഴിലാളി അറസ്റ്റില്‍. വ്യാജ തെളിവുകളും തെറ്റായ വിവരങ്ങളും നൽകിയെന്ന് ആരോപിച്ചാണ് കർണാടക പോലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്.

1995-2014 കാലഘട്ടത്തിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട നൂറോളം പേരുടെ മൃതദേഹങ്ങൾ ഭീഷണിക്കു വഴങ്ങി ധർമ്മസ്ഥലയിലെ പല ഭാഗങ്ങളിലായി കുഴിച്ചിട്ടുവെന്നായിരുന്നു മുൻ ശുചീകരണ തൊഴിലാളി ധർമസ്ഥല പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

ഇയാൾ കാര്യമായ അന്വേഷണം നടക്കാതായതോടെ കോടതിയിൽ നേരിട്ട് ഹാജരായി മൊഴിയും തെളിവും നൽകി. പരാതിക്കാരൻ ജൂലൈ 11-ന് മജിസ്ട്രേറ്റിന് മുന്നിൽ സത്യവാങ്മൂലം നൽകുകയും മനുഷ്യാസ്ഥികൂടം കൈമാറുകയും ചെയ്തിരുന്നു. കോടതി ഈ അവശിഷ്ടങ്ങൾ പോലീസിനു കൈമാറി.

പിന്നീട് പോലീസിന്‍റെ ഭാഗത്തു നിന്ന് സ്ഥലം സന്ദർശിക്കുന്നത് ഉൾപ്പെടെയുള്ള ഒന്നും നടന്നില്ലെന്നായിരുന്നു പരാതി. പിന്നീട് കർണാടക സർക്കാർ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും അന്വേഷണം ഊർജിതമാക്കുകയും ചെയ്തു. നദീതീരത്തെ വിവിധ സ്ഥലങ്ങൾ കുഴിച്ച് പരിശോധന നടത്തുകയും ചെയ്തിരുന്നു.

Related Posts