വിദേശ പൗരന്മാർക്കുള്ള പാസ്പോർട്ട്, വിസ ചട്ടങ്ങളിൽ പുതിയ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ശ്രീലങ്കൻ തമിഴ് അഭയാർത്ഥികൾ, ടിബറ്റൻ പൗരന്മാർ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ന്യൂനപക്ഷ അഭയാർത്ഥികൾ തുടങ്ങിയ പ്രത്യേക വിഭാഗങ്ങൾക്കാണ് പുതുക്കിയ വ്യവസ്ഥകളുടെ ആനുകൂല്യം ലഭിക്കുക. നേപ്പാൾ, ഭൂട്ടാൻ പൗരന്മാർക്കും പ്രത്യേക യാത്രാ ഇളവുകൾ അനുവദിച്ചിട്ടുണ്ട്.
യാത്രാരേഖകൾ പുതുക്കാൻ കഴിയാത്തവർക്കും പ്രത്യേക സാഹചര്യങ്ങളിൽ ഇന്ത്യയിലെത്തിയവർക്കും ആശ്വാസമാകുന്നതാണ് പുതിയ ഭേദഗതി. നവംബർ അഞ്ചിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ 2026ലെ ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് (എക്സെംപ്ഷൻ) ഭേദഗതി ഉത്തരവിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
2009 ഡിസംബർ 31നോ അതിനു മുമ്പോ ഇന്ത്യയിലെത്തി സ്ഥിരതാമസമാക്കിയ ചില പാകിസ്ഥാൻ പൗരന്മാർക്ക് പാസ്പോർട്ട് പുതുക്കൽ വ്യവസ്ഥകളിൽ ഇളവ് ലഭിക്കും. പാകിസ്ഥാൻ സർക്കാർ നൽകുന്ന കമ്പ്യൂട്ടറൈസ്ഡ് നാഷണൽ ഐഡന്റിറ്റി കാർഡ് (സിഎൻഐസി) ഇല്ലാത്തതിനാൽ യാത്രാരേഖകൾ പുതുക്കാൻ കഴിയാത്തവരെയാണ് പ്രധാനമായും പരിഗണിക്കുന്നത്.
എന്നാൽ, ഈ ആനുകൂല്യം ലഭിക്കാൻ ചില നിബന്ധനകളുണ്ട്. പാകിസ്ഥാനിൽ താമസിച്ചിരുന്ന കാലയളവിൽ വിവാഹിതരായിരിക്കരുത്. അവിടെ സ്വന്തം പേരിൽ സ്ഥാവര സ്വത്തുക്കൾ ഉണ്ടായിരിക്കരുത്. പാകിസ്ഥാനിലേക്ക് യാത്ര ചെയ്യുമ്പോൾ ഇന്ത്യൻ പൗരന്മാരായ കുടുംബാംഗങ്ങളെ ഇന്ത്യയിൽ ഉപേക്ഷിച്ചുപോയിരിക്കണം. ഇനി പാകിസ്ഥാനിലേക്ക് മടങ്ങില്ലെന്ന് രേഖാമൂലം ഉറപ്പുനൽകുകയും വേണം. കൂടാതെ, പൊലീസിന്റെയോ സുരക്ഷാ ഏജൻസികളുടെയോ പക്കൽ ഇവർക്കെതിരെ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട രേഖകൾ ഉണ്ടായിരിക്കരുത്.
2024 ഡിസംബർ 31നോ അതിനു മുമ്പോ ഇന്ത്യയിലെത്തിയ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ആറ് മതന്യൂനപക്ഷ വിഭാഗങ്ങൾക്കും പുതിയ ഉത്തരവ് പ്രകാരം ഇളവുകൾ ലഭിക്കും. മതപരമായ പീഡനങ്ങൾ നേരിട്ടോ അത്തരം പീഡനങ്ങൾ ഭയന്നോ ഇന്ത്യയിൽ അഭയം തേടിയ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യൻ വിഭാഗങ്ങളെയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സാധുവായ പാസ്പോർട്ടോ മറ്റ് യാത്രാരേഖകളോ ഇല്ലാതെ ഇന്ത്യയിലെത്തിയവർക്കും രാജ്യത്തെത്തിയശേഷം രേഖകളുടെ കാലാവധി അവസാനിച്ചവർക്കും ഇളവ് ബാധകമാണ്. എന്നാൽ, യാത്രാരേഖാ നിബന്ധനകളിൽ ഇളവ് ലഭിക്കുന്നതുകൊണ്ട് മാത്രം ഇന്ത്യയിൽ അനിശ്ചിതകാലം താമസിക്കാനാവില്ല. തുടർന്നും രാജ്യത്ത് കഴിയാൻ ആവശ്യമായ വിസയും മറ്റ് നിയമപരമായ രേഖകളും നേടണം.
2015 ജനുവരി ഒമ്പതിനോ അതിനു മുമ്പോ ഇന്ത്യയിൽ അഭയം തേടിയ രജിസ്റ്റർ ചെയ്ത ശ്രീലങ്കൻ തമിഴ് അഭയാർഥികൾക്കും പാസ്പോർട്ട്, വിസ വ്യവസ്ഥകളിൽ ഇളവുകൾ അനുവദിച്ചിട്ടുണ്ട്.
ടിബറ്റൻ പൗരന്മാരിൽ പ്രത്യേക വിഭാഗങ്ങൾക്കും സമാനമായ ആനുകൂല്യങ്ങൾ ലഭിക്കും. 1959 മുതൽ 2003 മേയ് 30 വരെ കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസി നൽകിയ പ്രത്യേക പ്രവേശന പെർമിറ്റ് ഉപയോഗിച്ച് ഇന്ത്യയിലെത്തിയ ടിബറ്റുകാരും ഇതിൽ ഉൾപ്പെടുന്നു.
2003 മേയ് 30ന് ശേഷം ഇന്ത്യ-നേപ്പാൾ അതിർത്തിയിലെ നിർദിഷ്ട ഇമിഗ്രേഷൻ ചെക്ക്പോസ്റ്റുകൾ വഴി പ്രത്യേക പ്രവേശന പെർമിറ്റ് ഉപയോഗിച്ച് ഇന്ത്യയിലെത്തിയ ടിബറ്റൻ പൗരന്മാർക്കും ഇളവുകൾ ലഭിക്കും.
പുതിയ ഭേദഗതിയിലൂടെ പ്രത്യേക വിഭാഗങ്ങളിലുള്ള അഭയാർഥികൾക്കും വിദേശ പൗരന്മാർക്കും ഇന്ത്യയിലെ പ്രവേശനവുമായി ബന്ധപ്പെട്ട യാത്രാരേഖാ നിബന്ധനകളിൽ ആശ്വാസം ലഭിക്കുമെങ്കിലും രാജ്യത്ത് താമസിക്കുന്നതിനുള്ള നിലവിലുള്ള നിയമപരമായ വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ട്.