ബോളിവുഡ് താരമായ അനില്‍ കപൂറിൻ്റെയും നിര്‍മ്മാതാവ് ബോണി കപൂറിൻ്റെയും നിര്‍മ്മാതാവും നടനുമായ സഞ്ജയ് കപൂറിൻ്റെയും അമ്മ നിര്‍മ്മല്‍ കപൂര്‍ (90) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് വെള്ളിയാഴ്ച വൈകീട്ട് 5.45-ഓടെയായിരുന്നു അന്ത്യം. മുംബൈയിലെ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു നിര്‍മ്മല്‍ കപൂര്‍.
സംസ്‌കാരച്ചടങ്ങുകള്‍ ശനിയാഴ്ച പവന്‍ ഹന്‍സ് ശ്മശാനത്തില്‍ നടക്കും. പ്രശസ്ത നിര്‍മ്മാതാവ് സുരിന്ദര്‍ കപൂറാണ് നിര്‍മ്മല്‍ കപൂറിൻ്റെ ഭര്‍ത്താവ്. അനില്‍ കപൂര്‍, റീനാ കപൂര്‍, ബോണി കപൂര്‍, സഞ്ജയ് കപൂര്‍ എന്നിങ്ങനെ നാല് മക്കളാണുള്ളത്. നിര്‍മ്മല്‍ കപൂറിൻ്റെ കൊച്ചുമക്കളായ സോനം കപൂര്‍, റിയ കപൂര്‍, മോഹിത് മര്‍വാ, ഹര്‍ഷ്‌വര്‍ധന്‍ കപൂര്‍, ജാന്‍വി കപൂര്‍, ഖുശി കപൂര്‍, അര്‍ജുന്‍ കപൂര്‍, ഷനായ കപൂര്‍, അന്‍ശുല കപൂര്‍, ജഹാന്‍ കപൂര്‍ എന്നിവരും ബോളിവുഡിലെ സെലിബ്രിറ്റികളാണ്.