നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ 2026–27 വർഷത്തെ പ്രീമിയം നിരക്കുകൾ കുത്തനെ വർധിപ്പിച്ചതിനെതിരായ പരാതിയിൽ ആറാഴ്ചയ്ക്കകം തീരുമാനമെടുക്കാൻ കേരള ഹൈക്കോടതി നോർക്ക വകുപ്പിന് നിർദേശം നൽകി. പ്രവാസി ലീഗൽ സെൽ (PLC) നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.
നിലവിലെ നോർക്ക കെയർ ഗുണഭോക്താക്കളായ മുസ്തഫ തൊണ്ടിയിൽ, അബ്ദുൽ ഹക്കീം കെ.കെ. എന്നിവർക്കൊപ്പം പ്രവാസി ലീഗൽ സെൽ സമർപ്പിച്ച W.P.(C) No. 38075 of 2026 ഹർജിയിലാണ് ഉത്തരവ്. പ്രവാസി ലീഗൽ സെൽ ദുബായ് പ്രസിഡണ്ട് ടി.എൻ. കൃഷ്ണകുമാറാണ് ഇക്കാര്യം അറിയിച്ചത്.
നോർക്ക വകുപ്പ് സെക്രട്ടറിക്ക് സമർപ്പിച്ച നിവേദനം പരിഗണിക്കാനും ഹർജിക്കാരുടെയും നിരക്ക് വർധന ബാധിക്കുന്ന മറ്റ് വ്യക്തികളുടെയും വാദം കേൾക്കാനും നിയമാനുസൃതമായ തീരുമാനമെടുക്കാനുമാണ് കോടതി നിർദേശിച്ചിരിക്കുന്നത്. വിധിയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് വകുപ്പിന് ലഭിക്കുന്ന തീയതി മുതലാണ് ആറാഴ്ചത്തെ സമയപരിധി കണക്കാക്കുക.
കേരള സർക്കാർ, നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, നോർക്ക റൂട്ട്സ് സിഇഒ, പുതിയ ഇൻഷുറൻസ് കാലയളവിൽ പരിരക്ഷ നൽകുന്ന നാഷനൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് എന്നിവരാണ് കേസിലെ എതിർകക്ഷികൾ.
പ്രീമിയത്തിൽ 233 ശതമാനം വരെ വർധന
2026–27 വർഷത്തെ നോർക്ക കെയർ പദ്ധതിയിൽ കുടുംബാംഗങ്ങളുടെ പ്രായം അടിസ്ഥാനമാക്കി പ്രീമിയം നിശ്ചയിക്കുന്ന പുതിയ രീതിയാണ് നടപ്പാക്കിയത്. നേരത്തെയുണ്ടായിരുന്ന പൊതുവായ ഗ്രൂപ്പ് നിരക്കിൽനിന്നുള്ള ഈ മാറ്റം പ്രവാസികൾക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതാണെന്നാണ് ഹർജിക്കാരുടെ വാദം.
2025–26 വർഷത്തെ പോളിസിയിൽ അഞ്ചു ലക്ഷം രൂപയുടെ കുടുംബ ഇൻഷുറൻസ് പരിരക്ഷയ്ക്ക് പ്രതിവർഷം 13,411 രൂപയായിരുന്നു പ്രീമിയം. എന്നാൽ പുതിയ നിരക്കനുസരിച്ച് 51–60 പ്രായപരിധിയിലുള്ളവരുടെ കുടുംബ പോളിസിക്ക് 35,664 രൂപയും 61–70 പ്രായപരിധിയിലുള്ളവർക്ക് 44,718 രൂപയുമാണ് ഈടാക്കുന്നത്.
ഇതനുസരിച്ച് യഥാക്രമം 166 ശതമാനവും 233 ശതമാനവും വർധനയുണ്ടായി. ഇൻഷുറൻസ് പരിരക്ഷയുടെ അടിസ്ഥാന തുക അഞ്ചു ലക്ഷം രൂപയായി തുടരുമ്പോഴാണ് ഇത്രയും വലിയ വർധനയെന്നും പ്രവാസി ലീഗൽ സെൽ ചൂണ്ടിക്കാട്ടുന്നു.
ആശുപത്രി ചികിത്സയ്ക്കു ശേഷമുള്ള പരിരക്ഷയും കുറച്ചു
പ്രീമിയം വർധനയ്ക്കു പുറമെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്ത ശേഷമുള്ള ചികിത്സാ ചെലവുകൾക്കുള്ള പരിരക്ഷയും കുറച്ചതായി പരാതിയിൽ പറയുന്നു. പഴയ പോളിസിയിൽ ഡിസ്ചാർജിനു ശേഷം 60 ദിവസം വരെ ലഭിച്ചിരുന്ന പരിരക്ഷ പുതിയ വ്യവസ്ഥപ്രകാരം 30 ദിവസമായി ചുരുക്കി.
പുതിയ നിരക്കുകൾ പ്രഖ്യാപിക്കുന്നതിൽ കാണിച്ച കാലതാമസവും ഹർജിക്കാർ ചോദ്യം ചെയ്തിട്ടുണ്ട്. പോളിസി പുതുക്കുന്നതിന് കുറഞ്ഞത് 45 ദിവസം മുമ്പെങ്കിലും നിരക്ക് മാറ്റങ്ങൾ അറിയിക്കണമെന്നായിരുന്നു പഴയ ഇൻഷുറൻസ് ക്രമീകരണത്തിലെ വ്യവസ്ഥയെന്ന് സംഘടന പറയുന്നു.
എന്നാൽ പുതിയ പ്രീമിയം നിരക്കുകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത് 2026 ഒക്ടോബർ 28നാണ്. പഴയ പോളിസിയുടെ കാലാവധി ഒക്ടോബർ 31ന് അവസാനിക്കുകയും പുതിയ പോളിസി നവംബർ ഒന്നിന് ആരംഭിക്കുകയും ചെയ്തു.
ഇതോടെ ഉയർന്ന പ്രീമിയം കണ്ടെത്താനും പുതിയ വ്യവസ്ഥകൾ മനസ്സിലാക്കാനും മറ്റ് ഇൻഷുറൻസ് സാധ്യതകൾ പരിശോധിക്കാനും നിലവിലെ ഗുണഭോക്താക്കൾക്ക് വളരെ കുറഞ്ഞ സമയം മാത്രമാണ് ലഭിച്ചതെന്നാണ് പ്രവാസി ലീഗൽ സെല്ലിൻ്റെ പരാതി.
പ്രവാസികൾക്ക് നിർണായകമായേക്കും
നോർക്ക കെയർ പദ്ധതിയിലെ പുതിയ നിരക്കുകളും വ്യവസ്ഥകളും സംബന്ധിച്ച് പ്രവാസികൾക്കിടയിൽ ഉയർന്ന പ്രതിഷേധത്തിനിടെയാണ് ഹൈക്കോടതിയുടെ ഇടപെടൽ. പരാതിക്കാരുടെയും ബാധിക്കപ്പെട്ട മറ്റ് ഗുണഭോക്താക്കളുടെയും വാദങ്ങൾ കേട്ടശേഷം നോർക്ക വകുപ്പ് എടുക്കുന്ന തീരുമാനം ആയിരക്കണക്കിന് പ്രവാസി കുടുംബങ്ങൾക്ക് നിർണായകമായേക്കും.