മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം താരം വീരേന്ദർ സെവാഗിൻ്റെ സഹോദരൻ വിനോദ് സെവാഗ് 7 കോടി രൂപയുടെ വണ്ടച്ചെക്ക് കേസിൽ അറസ്റ്റിലായി. ഇയാളെ ചണ്ഡീഗഡ് പോലീസാണ് അറസ്റ്റ് ചെയ്തത്. ഇയാളെ പ്രാദേശിക കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ജൽത ഫുഡ് ആൻഡ് ബിവറേജസ് കമ്പനിയുമായി ബന്ധപ്പെട്ടതാണ് കേസ്.
ഇതിൻ്റെ ഡയറക്ടർമാരായ വിനോദ് സെവാഗ്, വിഷ്ണു മിത്തൽ, സുധീർ, വിഷ്ണു മിത്തൽ, മൽഹോത്ര എന്നിവർക്കെതിരേ നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ്സ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഹിമാചൽ പ്രദേശിലെ ബഡ്ഡിയിലുള്ള ശ്രീ നൈന പ്ലാസ്റ്റിക് ഫാക്ടറിയുടെ ഉടമ കൃഷ്ണ മോഹനാണ് പരാതിക്കാരൻ.
ഇയാളുടെ ഫാക്ടറിയിൽനിന്ന് ജൽത ഫുഡ് ആൻഡ് ബിവറേജസ് കമ്പനി ഏതാനും സാധനങ്ങൾ വാങ്ങിയിരുന്നു. ഏഴ് കോടി രൂപയുടെ ചെക്കാണ് ഇതിനായി നൽകിയത്. മണിമജ്രയിലെ ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സിൽ ചെക്ക് നിക്ഷേപിച്ചപ്പോൾ അക്കൗണ്ടിൽ മതിയായ ഫണ്ടില്ലാത്തതിനാൽ ചെക്ക് മടങ്ങുകയായിരുന്നു. ഇതോടെയാണ് കൃഷ്ണ മോഹൻ പരാതിപ്പെട്ടത്.