ഏഷ്യാൻ ഉച്ചകോടിയിൽ പങ്കെടുക്കാനായി ഫിലിപ്പീൻസിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയേക്കും. അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുള്ള ഇരുനേതാക്കളുടെയും ആദ്യ കൂടിക്കാഴ്ചയായിരിക്കും ഇത്.

ട്രംപ് മനിലയിലെത്തുകയാണെങ്കിൽ കൂടിക്കാഴ്ചയ്ക്ക് സാധ്യതയുണ്ടെന്നാണ് ഉന്നത വൃത്തങ്ങൾ നൽകുന്ന സൂചന. വിസ, തീരുവ തുടങ്ങിയ വിഷയങ്ങളിൽ അനുകൂല തീരുമാനങ്ങളുണ്ടാകുമെന്ന പ്രതീക്ഷയും നിലനിൽക്കുന്നുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാർ ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് എത്തിക്കാൻ കൂടിക്കാഴ്ച സഹായകമാകുമെന്നാണ് വിലയിരുത്തൽ.

പശ്ചിമേഷ്യയിലെ സംഘർഷങ്ങളിൽ ട്രംപിൻ്റെ അടുത്ത നീക്കം എന്തായിരിക്കുമെന്നതും കൂടിക്കാഴ്ചയിൽ പ്രധാന വിഷയമായേക്കും. ഇന്ത്യയിലെ ആഭ്യന്തര വിഷയങ്ങളിൽ ചില ഡെമോക്രാറ്റിക് അംഗങ്ങൾ കടുത്ത നിലപാട് സ്വീകരിക്കാനുള്ള സാധ്യതയും ഇന്ത്യ-അമേരിക്ക ബന്ധത്തെ ബാധിച്ചേക്കാം.

അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി ട്രംപിന് ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകളിൽ വെല്ലുവിളിയാകുമെന്ന വിലയിരുത്തലുകളും പുറത്തുവരുന്നുണ്ട്.

Related Posts