ബെംഗളൂരുവിൽ കൊല്ലപ്പെട്ട പാലക്കാട് തിരുവേഗപ്പുറ സ്വദേശി കിരണിൻ്റെത് ദുരഭിമാനക്കൊലയാണെന്ന് കുടുംബത്തിൻ്റെ ആരോപണം. തമിഴ്‌നാട് സ്വദേശിയായ ആനന്ദിൻ്റെ മകളുമായുള്ള പ്രണയബന്ധമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് കിരണിൻ്റെ കുടുംബം പറയുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിൽപ്പെട്ടയാളായതിനാൽ ബന്ധത്തെ ആനന്ദ് എതിർത്തിരുന്നുവെന്നും കുടുംബം ആരോപിച്ചു.

ചൊവ്വാഴ്ച രാത്രിയാണ് കിരൺ കൊല്ലപ്പെട്ടത്. പ്രണയബന്ധത്തെച്ചൊല്ലിയുള്ള തർക്കത്തിനിടെ ആനന്ദ് കിരണിനെ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കുടുംബത്തിൻ്റെ ആരോപണം. ബന്ധത്തെക്കുറിച്ച് ഇരുവീട്ടുകാർക്കും അറിയാമായിരുന്നുവെന്നും എതിർപ്പ് പിന്നീട് പകയായി മാറിയെന്നും കിരണിൻ്റെ സഹോദരി പറഞ്ഞു. എന്നാൽ ആനന്ദ് കിരണിനെ കൊലപ്പെടുത്തുമെന്ന് കരുതിയിരുന്നില്ലെന്നും അവർ വ്യക്തമാക്കി.

കഴിഞ്ഞ വർഷം ഡിസംബറിൽ വിദേശത്തുനിന്ന് നാട്ടിലെത്തിയ കിരൺ ഒരു മാസത്തിനുശേഷം സഹോദരൻ്റെ ജോലി സ്ഥലമായ ബെംഗളൂരുവിലേക്ക് പോയി. ആനന്ദിൻ്റെ ഉടമസ്ഥതയിലുള്ള മെഷീൻ നിർമാണ സ്ഥാപനത്തിലായിരുന്നു സഹോദരൻ ജോലി ചെയ്തിരുന്നത്. പിന്നീട് കിരണും ഇതേ സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ചു. ഇതിനിടെയാണ് ആനന്ദിൻ്റെ മകളുമായി പ്രണയത്തിലായത്.

കിരണിൻ്റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. കേസിൽ പൊലീസിൻ്റെ അന്വേഷണവും തുടർനടപടികളും നിർണായകമാകും.

Related Posts