അമേരിക്കയിൽ ഹാലോവീൻ ആഘോഷങ്ങൾക്കിടെ വിവിധ നഗരങ്ങളിലുണ്ടായ വെടിവെപ്പുകളിൽ 24ലധികം പേർ കൊല്ലപ്പെടുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. കാലിഫോർണിയ മുതൽ ഡെലവെയർ വരെയുള്ള വിവിധ സംസ്ഥാനങ്ങളിലാണ് അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്. സർവകലാശാലാ ക്യാമ്പസുകൾക്ക് സമീപവും നൈറ്റ് ലൈഫ് കേന്ദ്രങ്ങളിലുമാണ് വെടിവെപ്പുകൾ കൂടുതലായി ഉണ്ടായത്.

അലബാമയിലെ ബർമിംഗ്ഹാമിൽ വാർഷിക മാജിക് സിറ്റി ക്ലാസിക്കിന് പിന്നാലെയുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഡാളസിലെ ഡീപ് എല്ലം മേഖലയിൽ മൂന്ന് വ്യത്യസ്ത സംഭവങ്ങളിലായി നാലുപേർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

കാലിഫോർണിയയിലെ ഫെയർഫീൽഡിലുള്ള സ്പിരിറ്റ് ഹാലോവീൻ സ്റ്റോറിലുണ്ടായ വെടിവെപ്പിൽ ഗർഭിണിയായ യുവതി കൊല്ലപ്പെട്ടു. ആറുപേർക്ക് പരിക്കേറ്റു. ഡെലവെയറിലെ നെവാർക്കിൽ സർവകലാശാലയ്ക്ക് സമീപമുണ്ടായ വെടിവെപ്പിൽ ആറുപേർക്ക് വെടിയേറ്റു. ഒരു മണിക്കൂറിനുള്ളിൽ ഡെലവെയറിൽ നടന്ന രണ്ട് സംഭവങ്ങളിലായി ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് വിവരം.

ഇല്ലിനോയിയിലെ ബ്ലൂമിങ്ടണിൽ ഇല്ലിനോയ് വെസ്ലിയൻ സർവകലാശാലയ്ക്ക് സമീപമുണ്ടായ വെടിവെപ്പിൽ 19കാരി കൊല്ലപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അർക്കൻസാസിലെ ഫയറ്റ്വില്ലെയിലുണ്ടായ വെടിവെപ്പിൽ ആറുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തർക്കമാണ് ഇവിടെ വെടിവെപ്പിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഹാലോവീൻ ആഘോഷങ്ങളുടെ ഭാഗമായി വലിയ ജനക്കൂട്ടം ഒത്തുകൂടിയ ഇടങ്ങളിൽ തുടർച്ചയായി വെടിവെപ്പുകൾ ഉണ്ടായത് രാജ്യത്ത് സുരക്ഷാ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. സംഭവങ്ങളിൽ വിവിധ നഗരങ്ങളിലെ പൊലീസ് അന്വേഷണം തുടരുകയാണ്.

Related Posts