ചങ്ങനാശേരിയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിനു പിന്നിൽ സാമ്പത്തിക ബാധ്യതയെന്ന് പ്രാഥമിക വിവരം. കരിങ്ങട വീട്ടിൽ സജു ആന്റണി (64), ഭാര്യ അനു സാജു (59), മകൻ സവിൻ (34) എന്നിവരാണ് മരിച്ചത്.
സജുവിനെയും അനുവിനെയും കിടപ്പുമുറിയിലും സവിനെ അടുക്കളയോടു ചേർന്നുള്ള വർക്ക് ഏരിയയിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മാതാപിതാക്കളുടെ മുറിയിൽനിന്ന് ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തു.
ഏകദേശം മൂന്ന് ലക്ഷം രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്നും തുക തിരിച്ചടയ്ക്കാൻ ഒരു ബന്ധുവിനെ ചുമതലപ്പെടുത്തുന്നതായും കുറിപ്പിൽ പരാമർശിക്കുന്നുണ്ട്. മാതാപിതാക്കൾ ആദ്യം ജീവനൊടുക്കിയതിനു പിന്നാലെ ഇരുവരുടെയും മൃതദേഹം കണ്ട സവിനും ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ മരണങ്ങളുടെ കൃത്യമായ സാഹചര്യം അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂ.
രണ്ടുവർഷം മുമ്പായിരുന്നു സവിന്റെ വിവാഹം. ഭാര്യ വിദേശത്താണ് ജോലി ചെയ്യുന്നത്. കോന്നിയിൽ മൊത്തവ്യാപാര സ്ഥാപനം നടത്തിവരികയായിരുന്നു സജു.
സവിൻ ഓൺലൈൻ ഗെയിമുകൾ കളിച്ചിരുന്നതായി ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവരികയാണ്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷമേ മരണകാരണത്തിൽ കൂടുതൽ വ്യക്തത ലഭിക്കൂവെന്നും പൊലീസ് അറിയിച്ചു.