ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ച നിലയില്‍. മാട്ടുമന്ത ചോളോട് സ്വദേശി മീര (29 ) ആണ് മരിച്ചത്. ഇന്നലെ ഭര്‍ത്താവായ അനൂപുമായി പിണങ്ങിയ, മീര സ്വന്തം വീട്ടിലേക്ക് വന്നിരുന്നു. രാതി അനൂപ് എത്തി ഭര്‍തൃവീട്ടിലേക്ക് തിരികെ കൂട്ടിക്കൊണ്ടു പോയി.
യുവതിയുടെ വീട്ടുകാർ പറയുന്നത് അനൂപ് വഴക്കുണ്ടാക്കുകയും മർദിക്കുകയും ചെയ്യുമായിരുന്നു എന്നാണ്. യുവതിയുടെ മരണത്തില്‍ ദൂരൂഹതയുണ്ടെന്നാണ് വീട്ടുകാരുടെ ആരോപണം. പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാമെന്ന് പറഞ്ഞു ഇരിക്കുമ്പോഴാണ് രാത്രി അനൂപ് എത്തി മീരയെ കൂട്ടിക്കൊണ്ടുപോയത്. മീര മരിച്ച വിവരം രാവിലെ പൊലീസ് വിളിച്ചാണ് അറിയിക്കുന്നതെന്നും ബന്ധുക്കൾ പറയുന്നു.
മീര ആത്മഹത്യ ചെയ്യില്ലെന്നും എന്തു പ്രശ്‌നങ്ങളെയും ധൈര്യത്തോടെ നേരിട്ടിരുന്ന പെണ്‍കുട്ടിയാണെന്നും ബന്ധുക്കള്‍ പറയുന്നു. അനൂപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.