തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഡിഎംകെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി കനിമൊഴി. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിൽ സർക്കാർ പരാജയപ്പെടുകയാണെന്ന് ആരോപിച്ച കനിമൊഴി, വിജയ് നായകനായ ‘തെറി’ സിനിമയിലെ രംഗം പരാമർശിച്ചാണ് പരിഹാസമുയർത്തിയത്. ചെന്നൈയിൽ ഡിഎംകെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലായിരുന്നു വിമർശനം.
സ്ത്രീകളോട് മോശമായി പെരുമാറുന്നവരെ സിനിമയിലെ നായകനെപ്പോലെ പാലത്തിനടിയിൽ തലകീഴായി കെട്ടിത്തൂക്കണമെന്നായിരുന്നു കനിമൊഴിയുടെ പരിഹാസം. മുഖ്യമന്ത്രി വിജയ് അത്തരമൊരു നടപടി സ്വീകരിക്കാൻ തീരുമാനിച്ചാൽ ആദ്യം ശിക്ഷിക്കപ്പെടേണ്ടത് സ്വന്തം പാർട്ടിയായ തമിഴക വെട്രി കഴകത്തിലെ നേതാക്കളായിരിക്കുമെന്നും അവർ പറഞ്ഞു.
വിജയ് അഭിനയിച്ച ‘തെറി’ എന്ന സിനിമയിൽ സ്ത്രീയോട് അതിക്രമം കാണിച്ചയാളെ പിടികൂടി മർദിച്ചശേഷം പാലത്തിനടിയിൽ തലകീഴായി കെട്ടിത്തൂക്കുന്ന രംഗമുണ്ടെന്ന് കനിമൊഴി പ്രസംഗത്തിൽ വിശദീകരിച്ചു. സിനിമയുടെ പേര് അറിയില്ലെന്നു പറഞ്ഞ് പ്രസംഗം ആരംഭിച്ച അവർക്ക് സദസ്സിൽനിന്നാണ് ചിത്രത്തിൻ്റെ പേര് ലഭിച്ചത്.
വിജയ് മുഖ്യമന്ത്രിയായപ്പോൾ സിനിമയിലെ നായകനെപ്പോലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും കനിമൊഴി പറഞ്ഞു. തമിഴ്നാട്ടിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നുവെന്നാരോപിച്ചാണ് ഡിഎംകെ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.