വോട്ട് കൊള്ള, വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണ നടപടികൾ (എസ്ഐആർ), മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നാളെ സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. യുവജനങ്ങളും പ്രതിപക്ഷ പാർട്ടികളും സിവിൽ സൊസൈറ്റി സംഘടനകളും ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരും മാർച്ചിൽ പങ്കുചേരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ഡൽഹിയിൽ സമാധാനപരമായി പ്രതിഷേധിച്ച യുവാക്കളെ പൊലീസും ബിജെപി പ്രവർത്തകരും മർദിച്ചുവെന്നാണ് രാഹുൽ ഗാന്ധിയുടെ ആരോപണം. പ്രതിഷേധക്കാർക്കിടയിൽ വിദ്വേഷമോ കോപമോ അല്ല, സ്നേഹമാണ് ഉണ്ടായിരുന്നതെന്നും ഭരണഘടന ഉയർത്തിപ്പിടിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. എന്നാൽ പ്രതിഷേധക്കാർ മർദനത്തിന് ഇരയായെന്നും ഇത് താൻ ആഗ്രഹിക്കുന്ന ഇന്ത്യയല്ലെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
രാഷ്ട്രീയം, ലിംഗം, ജാതി, സമുദായം, സംസ്ഥാനം തുടങ്ങിയ വ്യത്യാസങ്ങൾ മാറ്റിവച്ച് ഇന്ത്യക്കാർ ഒന്നിച്ചുനിൽക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. രാജ്യത്തിൻ്റെ ശബ്ദം നിശ്ശബ്ദമാക്കാൻ ആർക്കും കഴിയില്ലെന്നും ഭീഷണികൾക്കു മുന്നിൽ പിന്നോട്ടുപോകില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
വോട്ട് കൊള്ള അവസാനിപ്പിക്കുക, എസ്ഐആർ നടപടികൾ നിർത്തിവയ്ക്കുക, ഗ്യാനേഷ് കുമാർ രാജിവയ്ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ചീഫ് ജസ്റ്റിസിന് നിവേദനം സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. നരേന്ദ്ര മോദി, അമിത് ഷാ, അജിത് ഡോവൽ, മോഹൻ ഭാഗവത് എന്നിവർക്കെതിരെയും രാഹുൽ ഗാന്ധി വിമർശനമുന്നയിച്ചു.
മാർച്ചിൽ യുവജനങ്ങൾക്കും പ്രതിപക്ഷ പാർട്ടികൾക്കും സിവിൽ സൊസൈറ്റി സംഘടനകൾക്കും പുറമെ ഇന്ത്യൻ ഭരണഘടനയിൽ വിശ്വസിക്കുന്ന എല്ലാവർക്കും പങ്കെടുക്കാമെന്നാണ് രാഹുൽ ഗാന്ധിയുടെ ആഹ്വാനം.