ഒറ്റയടിക്ക് സാമൂഹ്യക്ഷേമ പെൻഷൻ 400 രൂപയിൽ നിന്ന് 1100 രൂപയാക്കി വർദ്ധിപ്പിച്ചു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ബിഹാറിൽ മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ സുപ്രധാന പ്രഖ്യാപനം. അംഗപരിമിതർ, വൃദ്ധർ, വിധവകൾ തുടങ്ങിയവർക്കുള്ള പ്രതിമാസ പെൻഷനാണ് ഉയർത്തിയത്. തീരുമാനം ജൂലായ് മുതൽ പ്രാബല്യത്തിൽ വരും. ബിഹാറിൽ 1.09 കോടി പേർ ക്ഷേമ പെൻഷനിൽ ഗുണഭോക്താക്കളാണെന്നാണ് വിവരം. വർഷാവസാനം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈ പ്രഖ്യാപനം. തൊഴിലുറപ്പുമായി ബന്ധപ്പെട്ട ചില പ്രഖ്യാപനങ്ങളും നടത്തിയിട്ടുണ്ട്.

‘ എല്ലാ വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും വിധവകൾക്കും സാമൂഹ്യസുരക്ഷാ പെൻഷൻ പദ്ധതി പ്രകാരം ഇനി മുതൽ പ്രതിമാസം 400 രൂപയ്ക്ക് പകരം 1100 രൂപ പെൻഷനായി ലഭിക്കുമെന്ന് സന്തോഷപൂർവ്വം അറിയിക്കുന്നു. ജൂലായ് മാസം മുതൽ എല്ലാ ഗുണഭോക്താക്കൾക്കും വർദ്ധിപ്പിച്ച നിരക്കിൽ പെൻഷൻ ലഭിക്കും. എല്ലാ ഗുണഭോക്താക്കളുടെയും അക്കൗണ്ടിലേക്ക് ഈ തുക മാസം 10-ാം തീയതി ലഭിക്കുന്നത് ഉറപ്പാക്കും. ഇത് 1,09,69,255 ഗുണഭോക്താക്കൾക്ക് വളരെയധികം സഹായകമാകും’, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എക്‌സിലൂടെ അറിയിച്ചു.

Related Posts