പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ ഫേസ്ബുക്കിൽ നിന്ന് താൽക്കാലികമായി നീക്കം ചെയ്ത സംഭവത്തിൽ മെറ്റ സിഇഒ മാർക്ക് സക്കർബർഗ്യ്ക്ക് പാർലമെന്ററി ഐടി സ്റ്റാൻഡിങ് കമ്മിറ്റിയുടെ അന്ത്യശാസനം. സംഭവത്തിൽ മൂന്ന് ദിവസത്തിനകം പരസ്യമായി മാപ്പ് പറയുകയും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുകയും വേണമെന്ന് സമിതി ആവശ്യപ്പെട്ടു.

നിശ്ചിത സമയപരിധിക്കുള്ളിൽ നടപടി സ്വീകരിക്കാത്ത പക്ഷം ഇന്ത്യയിൽ മെറ്റയ്ക്ക് ലഭിക്കുന്ന ‘സേഫ് ഹാർബർ’ നിയമപരിരക്ഷ പിൻവലിക്കുന്നതടക്കമുള്ള കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് സമിതി മുന്നറിയിപ്പ് നൽകി.

നിഷികാന്ത് ദുബെയുടെ അധ്യക്ഷതയിൽ ചേർന്ന പാർലമെന്ററി ഐടി സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. 140 കോടി ജനങ്ങളുടെ പ്രതിനിധിയായ രാജ്യത്തിൻ്റെ പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്തത് ജനാധിപത്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് സമിതി വിലയിരുത്തി.

ജൂലൈ 23-ന് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകി പ്രധാനമന്ത്രി പങ്കുവെച്ച വീഡിയോ ഫേസ്ബുക്കിൽ നിന്ന് അപ്രത്യക്ഷമായിരുന്നു. സാങ്കേതിക തകരാറാണ് കാരണമെന്ന് മെറ്റ വിശദീകരിച്ചെങ്കിലും, ഈ വിശദീകരണം കേന്ദ്ര ഐടി മന്ത്രാലയവും പാർലമെന്ററി സമിതിയും അംഗീകരിച്ചില്ല.

മെറ്റയ്ക്ക് പുറമെ ഗൂഗിൾ, യൂട്യൂബ്, എക്സ്, വാട്സാപ്പ്, ഇൻസ്റ്റാഗ്രാം, സ്നാപ്ചാറ്റ് തുടങ്ങിയ പ്രമുഖ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്കും സമിതി കർശന നിർദേശം നൽകി. കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണ ഉള്ളടക്കങ്ങളും സ്ത്രീകൾക്കെതിരായ അധിക്ഷേപ പോസ്റ്റുകളും മൂന്ന് ദിവസത്തിനകം പൂർണമായും നീക്കം ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്.

ഐടി നിയമത്തിലെ 79-ാം വകുപ്പ് പ്രകാരമുള്ള ‘സേഫ് ഹാർബർ’ പരിരക്ഷ നഷ്ടമായാൽ, ഉപയോക്താക്കൾ പോസ്റ്റ് ചെയ്യുന്ന നിയമവിരുദ്ധ ഉള്ളടക്കങ്ങളുടെ പേരിൽ സോഷ്യൽ മീഡിയ കമ്പനികളുടെ ഉദ്യോഗസ്ഥർക്കെതിരെ നേരിട്ട് ക്രിമിനൽ കേസുകളും എഫ്‌ഐആറുകളും രജിസ്റ്റർ ചെയ്യാൻ കഴിയുന്ന സാഹചര്യമുണ്ടാകും.

അതേസമയം, വ്യാജ പ്രധാനമന്ത്രി വീഡിയോ പ്രചരിച്ചതുമായി ബന്ധപ്പെട്ട് മെറ്റയ്ക്കെതിരെയും, തട്ടിപ്പിന് സാധ്യതയുള്ള സാമ്പത്തിക ആപ്പുകൾ ഹോസ്റ്റ് ചെയ്തെന്ന പരാതിയിൽ ഗൂഗിളിനെതിരെയും ഹൈദരാബാദ് പൊലീസ് കേസെടുത്തിട്ടുണ്ട്.

Related Posts