ബുധനാഴ്‌ച ലോക്സഭയിൽ വഖഫ് ഭേദഗതി ബിൽ അവതരിപ്പിക്കുമെന്ന സൂചന ഉയരുന്നതിനിടെ എൻഡിഎയിലെ ഘടകകക്ഷികളുടെ നിലപാട് നിർണായകം. കേന്ദ്രത്തെ പിന്തുണയ്ക്കുന്ന ജെഡിയു, എൽജെപി, ആർഎൽഡി, ടിഡിപി പാർട്ടികൾ സമ്മർദത്തിലാണ്. ആദ്യത്തെ അഗ്‌നിപരീക്ഷ ഈ വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലാണ്.

നിതീഷ് കുമാർ ബില്ലിനെ പിന്തുണച്ചാൽ 17.6 ശതമാനം മുസ്ലിം സാന്നിധ്യമുള്ള ബിഹാറിൽ ജെഡിയുവിൻ്റെ മുസ്ലിം വോട്ടുബാങ്കിൽ വിള്ളൽ വീഴാനിടയുണ്ട്. എൻഡിഎ ഘടകകക്ഷികളിലാണ് ബില്ലിനെ എതിർക്കുന്നവർ പ്രതീക്ഷയർപ്പിച്ചിരിക്കുന്നത്. നിതീഷ് കുമാർ, ജയന്ത് ചൗധരി ചന്ദ്രബാബു നായിഡു, ചിരാഗ് പാസ്വാൻ എന്നിവർ പറഞ്ഞാൽ ബിൽ കൊണ്ടുവരില്ലെന്നായിരുന്നു കഴിഞ്ഞദിവസം മുസ്ലിം പേഴ്‌സണൽ ലാ ബോർഡ് നേതാക്കൾ പറഞ്ഞത്

കേന്ദ്രസര്‍ക്കാരിന് ബില്ലിനെ പിന്തുണച്ച് പ്രമുഖ ക്രിസ്ത്യന്‍ സംഘടനകള്‍ രംഗത്തുവന്നത് നേട്ടമായി. നിഷ്പക്ഷമായ സമീപനം സ്വീകരിക്കണമെന്ന് പാര്‍ലമെന്റംഗങ്ങളോടും രാഷ്ട്രീയപ്പാര്‍ട്ടികളോടും കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) അഭ്യര്‍ഥിച്ചു.

മുനമ്പം പ്രശ്‌നത്തിന് ശാശ്വത പരിഹാരത്തിന് ഭേദഗതി വേണമെന്നും നിലവിലെ നിയമത്തിലെ ചില വ്യവസ്ഥകള്‍ ഭരണഘടനയോട് ചേര്‍ന്നു പോകുന്നതല്ലെന്നും സിബിസിഐ അഭിപ്രായപ്പെട്ടു. ഞായറാഴ്ച ബില്ലിനെ പിന്തുണച്ച് കേരള കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ എഴുതിയ കത്തിനെ സ്വാഗതം ചെയ്ത് ന്യൂനപക്ഷ മന്ത്രി കിരണ്‍ റിജിജുവും കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമനും രംഗത്തുവന്നിട്ടുണ്ട്.

Related Posts