നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയം. ഗോർഖ ജില്ലയിലെ ചുംനുബ്രി ഗ്രാമത്തിലുണ്ടായ പ്രളയത്തിൽ 35ലധികം വീടുകൾ ഒലിച്ചുപോയി. നിരവധി പാലങ്ങളും തകർന്നതായും ജലവൈദ്യുത പദ്ധതിക്ക് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്.
ത്രിശൂലി നദിയുടെ കൈവഴിയായ ബുധി ഗന്ധകി നദിയിലെ ജലനിരപ്പ് ഉയർന്നതാണ് ഗ്രാമത്തിൽ പ്രളയത്തിന് കാരണമായത്. ഞായറാഴ്ചയാണ് പ്രദേശത്ത് മിന്നൽ പ്രളയമുണ്ടായത്.
നിരവധി പേരുടെ ജീവനെടുത്ത ആഗസ്തിലെ പ്രളയത്തിന് പിന്നാലെയാണ് നേപ്പാളിൽ വീണ്ടും ദുരന്തമുണ്ടായിരിക്കുന്നത്. പുതിയ പ്രളയത്തിൽ വ്യാപകമായ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പ്രളയത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നദിയിലെ വെള്ളം ചാരനിറത്തിലാകുന്നതും മണ്ണും കല്ലുകളും ശക്തമായ ഒഴുക്കിൽ ഒലിച്ചുപോകുന്നതും ദൃശ്യങ്ങളിൽ കാണാം. പ്രദേശത്തെ നാശനഷ്ടങ്ങളുടെയും ആളപായത്തിന്റെയും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.