രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണുള്ളതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ബിജെപി അധികാരത്തിലെത്തിയത് വോട്ട് മോഷണത്തിലൂടെയാണെന്നും ഭരണഘടനാ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ ആശങ്കയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. വിഷയത്തിൽ ആശങ്ക അറിയിക്കാൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തുമെന്നും ഖാർഗെ വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും താനും ചീഫ് ജസ്റ്റിസിനെ കാണാൻ അനുമതി തേടി കത്തയച്ചിരുന്നതായി ഖാർഗെ പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട് നാലിനും അഞ്ചിനും ഇടയിൽ കൂടിക്കാഴ്ച നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
ചീഫ് ജസ്റ്റിസിനോട് പ്രത്യേക നടപടികളൊന്നും ആവശ്യപ്പെടാനല്ല കോൺഗ്രസ് പ്രതിനിധി സംഘം ഉദ്ദേശിക്കുന്നതെന്നും രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെക്കുറിച്ചുള്ള ആശങ്കകൾ അദ്ദേഹത്തെ അറിയിക്കുകയാണ് ലക്ഷ്യമെന്നും ഖാർഗെ വിശദീകരിച്ചു.
“നമുക്ക് അദ്ദേഹത്തോട് ഒന്നും ആവശ്യപ്പെടാനാകില്ല. കൈകൂപ്പി അഭ്യർഥിക്കുകയാണ് ചെയ്യുക,” എന്നായിരുന്നു ഖാർഗെയുടെ പ്രതികരണം.
തെരഞ്ഞെടുപ്പ് കമ്മീഷൻ ഭരണഘടനാ സ്ഥാപനമാണെന്നും സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാൻ അതിന് അധികാരമുണ്ടെന്നും ഖാർഗെ ചൂണ്ടിക്കാട്ടി. എന്നാൽ സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാൻ കമ്മീഷനെ അനുവദിക്കുന്നില്ലെന്നാണ് അദ്ദേഹത്തിൻ്റെ ആരോപണം.
രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളും ഭരണഘടനാ സ്ഥാപനങ്ങളും നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ചീഫ് ജസ്റ്റിസിനെ ബോധ്യപ്പെടുത്താനാണ് കോൺഗ്രസ് പ്രതിനിധി സംഘം ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.