സ്കൂളിലെ പ്രഭാതഭക്ഷണത്തിൽ വിഷം കലർത്താൻ ശ്രമിച്ച കേസിൽ മുൻ പാചകത്തൊഴിലാളിയുടെ ഭർത്താവ് അറസ്റ്റിൽ. ഈറോഡ് സ്വദേശി ബി. അറുമുഖത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യ ആലമ്മാൾ സ്കൂളിലെ പാചകത്തൊഴിലാളിയായിരുന്നു.
അടുത്തിടെ ആലമ്മാളിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിലുള്ള വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. സ്കൂളിൽ കുട്ടികൾക്ക് നൽകാനിരുന്ന സാമ്പാറിൽ വിഷം കലർത്താൻ എട്ടാം ക്ലാസ് വിദ്യാർഥിനിയെ ഉപയോഗിക്കുകയായിരുന്നു. പുതിയ വസ്ത്രം വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്താണ് കുട്ടിയെ ഇതിനായി പ്രേരിപ്പിച്ചതെന്നാണ് വിവരം.
കുട്ടികൾക്ക് ഭക്ഷണം നൽകുന്നതിന് മുമ്പ് അധ്യാപകർ ഭക്ഷണം രുചിച്ചുനോക്കുന്നതിനിടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. അധ്യാപികയ്ക്കായി മാറ്റിവെച്ച പാത്രത്തിലെ സാമ്പാറിന് രുചിവ്യത്യാസം അനുഭവപ്പെട്ടതോടെയാണ് സംശയം തോന്നിയത്.
തുടർന്ന് നടത്തിയ പരിശോധനയിൽ വിദ്യാർഥിനിയുടെ കൈയിൽ മഞ്ഞനിറത്തിലുള്ള പാടുകൾ കണ്ടെത്തി. ചോദ്യം ചെയ്തപ്പോൾ കുട്ടി വിഷം കലർത്തിയ കാര്യം സമ്മതിക്കുകയായിരുന്നു. ഇതോടെയാണ് സംഭവത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുവന്നത്. സംഭവം സംബന്ധിച്ച് പൊലീസ് കൂടുതൽ അന്വേഷണം തുടരുകയാണ്.