ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ തമിഴ്നാട്ടിൽ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. തിരുനെൽവേലി, ചെന്നൈ എന്നിവിടങ്ങളിലായി റിപ്പോർട്ട് ചെയ്ത വിവിധ സംഭവങ്ങളിൽ 1,000 മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലിയായി ആവശ്യപ്പെട്ടതും വാങ്ങിയതും. ആഭ്യന്തര അന്വേഷണങ്ങൾക്ക് പിന്നാലെയാണ് നടപടി.
തിരുനെൽവേലി സിറ്റി മേലപ്പാളയം പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ സ്വർണ രാജിനെ സസ്പെൻഡ് ചെയ്തു. വാഹനപരിശോധനയ്ക്കിടെ രേഖകൾ ഹാജരാക്കിയ ഇരുചക്രവാഹന യാത്രക്കാരനോട് 1,000 രൂപ ആവശ്യപ്പെട്ട ഇയാൾ പണം ഗൂഗിൾ പേ ചെയ്യാൻ സ്വന്തം ഫോൺ നമ്പർ നൽകുകയായിരുന്നു.
ചെന്നൈ നോർത്ത് ബീച്ച് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ശീവരാജിനെയും കോൺസ്റ്റബിൾ വിവേകിനെയും 10,000 രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ സസ്പെൻഡ് ചെയ്തു. മോഷണം പോയ ഇരുചക്രവാഹനം ഉടമയ്ക്ക് വിട്ടുനൽകുന്നതിന് പണം ആവശ്യപ്പെട്ടെന്നാണ് ആരോപണം.
മാധവരം പൊലീസ് സ്റ്റേഷനിലെ മുൻ സബ് ഇൻസ്പെക്ടർക്കെതിരെയും കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിൽ നടപടി സ്വീകരിച്ചു. പ്രാഥമിക അന്വേഷണത്തിൽ ആരോപണം ശരിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സസ്പെൻഷൻ.
പുഴൽ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ മാരീശ്വരനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. 2024ൽ അണ്ണാനഗർ പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന സമയത്ത് പലതവണ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിൽ നടന്ന വകുപ്പുതല അന്വേഷണത്തിൽ കുറ്റം തെളിഞ്ഞതിനെ തുടർന്നാണ് നടപടി.
മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് കരൂരിൽ നടന്ന റാലിയിൽ വിജയ് കൈക്കൂലി നൽകരുതെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. കൈക്കൂലി ആവശ്യപ്പെട്ടാൽ നൽകില്ലെന്ന് ഉറച്ച നിലപാട് സ്വീകരിക്കണമെന്നും, അഴിമതിക്കെതിരെ തനിക്കൊപ്പം നിൽക്കണമെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞിരുന്നു. പ്രസംഗത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.