പാർലമെന്റിൻ്റെ വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. കേന്ദ്രസർക്കാരിൻ്റെ സുപ്രധാന നിയമനിർമാണ അജൻഡയും പ്രതിപക്ഷത്തിൻ്റെ ശക്തമായ പ്രതിഷേധങ്ങളും സമ്മേളനത്തെ പ്രക്ഷുബ്ധമാക്കുമെന്നാണ് വിലയിരുത്തൽ.

വിദേശ സംഭാവന നിയന്ത്രണ നിയമമായ എഫ്‌സിആർഎ (FCRA) ഭേദഗതി ഉൾപ്പെടെ ആറ് ബില്ലുകൾ ഈ സമ്മേളനത്തിൽ അവതരിപ്പിക്കാനാണ് കേന്ദ്രസർക്കാരിൻ്റെ തീരുമാനം. വന്ദേ മാതരത്തെ അപമാനിക്കുന്നതിന് തടവുശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും.

അതേസമയം, അയോധ്യ, നീറ്റ് പരീക്ഷാ ക്രമക്കേട്, തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടി പ്രതിപക്ഷം സഭയ്ക്കകത്തും പുറത്തും സർക്കാരിനെ പ്രതിരോധത്തിലാക്കാൻ ഒരുങ്ങുകയാണ്. സമ്മേളനത്തിന് മുന്നോടിയായി കോൺഗ്രസ് വിളിച്ച ഇന്ത്യ സഖ്യത്തിൻ്റെ യോഗം ഇന്ന് രാവിലെ ചേരും. സഭയിലെ സംയുക്ത നിലപാട് യോഗത്തിൽ തീരുമാനിക്കും.

ലോക്‌സഭയിലും രാജ്യസഭയിലും ഭരണപക്ഷത്തിന് കൂടുതൽ പിന്തുണ ഉറപ്പാക്കി നിർണായക നിയമനിർമാണങ്ങൾ മുന്നോട്ടുകൊണ്ടുപോകാനാണ് ബിജെപിയുടെ ശ്രമം. ഭരണഘടനാ ഭേദഗതികൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കാനുള്ള നീക്കവും തുടരുന്നുണ്ട്.

ഇതിനിടെ, കോക്രോച്ച് ജനത പാർട്ടിയുടെ നേതൃത്വത്തിൽ ജന്തർ മന്തറിൽ നിന്ന് പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ഒമ്പത് മണിയോടെ ജന്തർ മന്തറിൽ പ്രതിഷേധക്കാർ ഒത്തുചേരാനാണ് ആഹ്വാനം. കേരളത്തിൽ നിന്നുള്ള നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ സമരത്തിൽ പങ്കെടുക്കുമെന്നാണ് സംഘാടകർ അറിയിച്ചിട്ടുള്ളത്. എന്നാൽ മാർച്ചിന് ഡൽഹി പൊലീസ് അനുമതി നൽകിയിട്ടില്ല.

Related Posts