കർണാടകയിലെ വിജയപുരയിൽ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൻ്റെ(എസ്ഐആർ) ഭാഗമായി ജീവിച്ചിരിക്കുന്ന എട്ടുപേരെ മരിച്ചതായി രേഖപ്പെടുത്തി വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കാൻ അപേക്ഷ നൽകിയ സംഭവം വിവാദത്തിൽ. സർക്കാർ സ്കൂൾ അധ്യാപിക അല്ലമ ബഗ്വാൻ ഉൾപ്പെടെയുള്ളവരുടെ പേരിലാണ് വ്യാജ അപേക്ഷകൾ സമർപ്പിച്ചത്.
ബൂത്ത് ലെവൽ ഓഫീസർമാർ നേരിട്ടെത്തി വിവരം അറിയിച്ചപ്പോഴാണ് തങ്ങളെ മരിച്ചവരായി രേഖപ്പെടുത്തി വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കാൻ നീക്കം നടക്കുന്നതായി ഇവർ അറിഞ്ഞത്. അല്ലമ ബഗ്വാനെ കൂടാതെ മലൻബി ജമാദാർ, മുംതാജ് മുല്ല എന്നിവരുൾപ്പെടെ എട്ടുപേരാണ് സംഭവത്തിൽ ഇരകളായത്.
എസ്ഐആർ നടപടികളുടെ മറവിൽ വോട്ടർമാരുടെ പേരുകൾ വെട്ടിമാറ്റാൻ ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ എട്ടുപേരുടെ വ്യാജ മരണ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചതായി കോൺഗ്രസ് നേതാക്കൾ നേരത്തെ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിജയപുരയിലെ സംഭവം പുറത്തുവന്നത്.
അപേക്ഷകളിൽ വോട്ടർമാരുടെ പേരുകൾ കൃത്യമായി നൽകിയിട്ടുണ്ടെങ്കിലും മാതാപിതാക്കളുടെയോ പങ്കാളിയുടെയോ പേരുകൾ ഉൾപ്പെടെയുള്ള മറ്റ് വിവരങ്ങളിൽ പിഴവുകളുണ്ടെന്നാണ് റിപ്പോർട്ട്. വോട്ടർപട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യുന്നതിനും പുതിയ പേരുകൾ ചേർക്കുന്നതിനെതിരെ എതിർപ്പ് അറിയിക്കുന്നതിനും ഉപയോഗിക്കുന്ന ഫോം 7 അപേക്ഷകൾ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായും ആരോപണമുണ്ട്.