വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്ന സാഹചര്യത്തിൽ പ്രവാസികൾക്ക് ആശ്വാസമായി കൊച്ചിയിൽ നിന്ന് ദുബായിലേക്ക് കുറഞ്ഞ നിരക്കിൽ കപ്പൽ സർവീസ് ആരംഭിക്കാൻ സർക്കാർ നീക്കം. ‘മിഷൻ സമുദ്ര’ പദ്ധതിയുടെ ഭാഗമായാണ് സർവീസ് പരിഗണിക്കുന്നത്. പദ്ധതി യാഥാർഥ്യമായാൽ സാധാരണക്കാരായ പ്രവാസികൾക്ക് ഗൾഫിലേക്കുള്ള യാത്രാ ചെലവ് ഗണ്യമായി കുറയ്ക്കാനാകും.
ഏകദേശം 10,000 രൂപയായിരിക്കും ടിക്കറ്റ് നിരക്ക് എന്നാണ് നിലവിലെ നിർദേശം. ഒരു യാത്രക്കാരന് 200 കിലോ വരെ ലഗേജ് സൗജന്യമായി കൊണ്ടുപോകാനുള്ള സൗകര്യവും പരിഗണിക്കുന്നുണ്ട്. കപ്പലിൽ കിടക്ക, ഭക്ഷണം, വിനോദപരിപാടികൾ തുടങ്ങിയ സൗകര്യങ്ങളും ഉണ്ടാകും. യാത്രയ്ക്ക് ഏകദേശം 72 മുതൽ 90 മണിക്കൂർ വരെ, അതായത് മൂന്ന് മുതൽ നാല് ദിവസം വരെ സമയമെടുക്കും.
ഒരു സർവീസിൽ ഏകദേശം 1,200 യാത്രക്കാരെ ഉൾക്കൊള്ളിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രതിമാസം രണ്ട് സർവീസുകൾ നടത്തുന്നതിനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്. ഓണം, ക്രിസ്മസ് തുടങ്ങിയ തിരക്കേറിയ സീസണുകളിൽ ഗൾഫിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഒരു ലക്ഷത്തോളം രൂപയിലെത്തുന്ന സാഹചര്യത്തിൽ കപ്പൽ സർവീസ് പ്രവാസികൾക്ക് വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.
സ്വകാര്യ കമ്പനികൾക്ക് അവസരം
കപ്പൽ സർവീസ് സ്വകാര്യ സംരംഭകരുടെ നേതൃത്വത്തിൽ നടത്താനാണ് സർക്കാർ ആലോചിക്കുന്നത്. ഇതിനായി താൽപര്യപത്രം ക്ഷണിക്കും. കേരള മാരിടൈം ബോർഡ്, നോർക്ക, വിവിധ പ്രവാസി സംഘടനകൾ എന്നിവ പദ്ധതിയുമായി സഹകരിക്കും. പ്രവാസി സംഘടനകളുടെ പിന്തുണയോടെ ഓരോ സർവീസിലും പരമാവധി യാത്രക്കാരെ ഉറപ്പാക്കാനും നീക്കമുണ്ട്.
ടിക്കറ്റ് ബുക്കിങ്ങിനായി നോർക്കയുടെ നേതൃത്വത്തിൽ പ്രത്യേക പോർട്ടൽ ഒരുക്കാനും പദ്ധതിയുണ്ട്. കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്യുന്ന ഓപ്പറേറ്റർമാരെ തിരഞ്ഞെടുക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
എന്തുകൊണ്ട് കൊച്ചി?
ബേപ്പൂരിൽ നിന്ന് ഗൾഫിലേക്ക് കപ്പൽ സർവീസ് ആരംഭിക്കുന്നതിനുള്ള സാധ്യത നേരത്തെ പരിശോധിച്ചിരുന്നു. എന്നാൽ വലിയ കപ്പലുകൾക്ക് ആവശ്യമായ ആഴം ലഭ്യമല്ലാത്തതിനാൽ കൊച്ചിയെ പ്രധാന കേന്ദ്രമായി പരിഗണിക്കുകയായിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവാസികളെയും സർവീസിൻ്റെ ഉപഭോക്താക്കളായി പ്രതീക്ഷിക്കുന്നുണ്ട്.
യാത്രക്കാരെ കൂടാതെ ചെറുകിട വ്യാപാരികൾക്ക് ആവശ്യമായ ഉൽപ്പന്നങ്ങൾ കൊണ്ടുപോകുന്നതിനുള്ള സാധ്യതയും പദ്ധതിയുടെ ഭാഗമായി പരിഗണിക്കുന്നുണ്ട്.
അനുമതികൾ ആവശ്യമാണ്
കൊച്ചിയിൽ നിന്ന് ഗൾഫിലേക്ക് അന്താരാഷ്ട്ര കപ്പൽ സർവീസ് ആരംഭിക്കുന്നതിന് കേന്ദ്ര സർക്കാരിൻ്റെയും ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗിൻ്റെയും സുരക്ഷാ, സാങ്കേതിക അനുമതികൾ ആവശ്യമാണ്. നിലവിൽ കൊച്ചിയിൽ നിന്ന് ലണ്ടൻ, മാലദ്വീപ്, കൊളംബോ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ക്രൂസ് സർവീസുകൾ നിലവിലുണ്ട്.
കുറഞ്ഞ നിരക്കിൽ ഗൾഫ് കപ്പൽ സർവീസ് ആരംഭിച്ചാൽ വിമാനക്കമ്പനികൾക്കും ടിക്കറ്റ് നിരക്ക് കുറയ്ക്കാനുള്ള സമ്മർദമുണ്ടാകുമെന്നാണ് പ്രതീക്ഷ. പ്രത്യേകിച്ച് ആഘോഷ സീസണുകളിലെ അമിത വിമാനനിരക്കിന് ഒരു ബദൽ സംവിധാനമായി കപ്പൽ സർവീസ് മാറിയേക്കും.