ഡി.വൈ.എഫ്‌.ഐ അഖിലേന്ത്യാ അധ്യക്ഷന്‍ എ.എ റഹീം എം.പി പറയുന്ന ഇംഗ്ലീഷ് തനിക്ക് മനസിലാകുമെന്ന് എഴുത്തുകാരൻ പി.വി ഷാജികുമാർ. റഹീം പറയുന്ന ഇംഗ്ലീഷും അതിലെ രാഷ്ട്രീയവും തനിക്ക് കൃത്യമായി മനസ്സിലാകുമെന്നും, അയാളെ പരിഹസിക്കുന്നവർ യഥാർത്ഥത്തിൽ മായ്ച്ചു കളയുന്നത് അദ്ദേഹം ഉയർത്തുന്ന ശക്തമായ രാഷ്ട്രീയത്തെയാണെന്നും ഷാജികുമാർ ഫേസ്ബുക്കിൽ കുറിച്ചു.

കർണാടകയിലെ ബുൾഡോസർ രാജിന് ഇരയായ പാവപ്പെട്ട മനുഷ്യരെ സന്ദർശിച്ച ശേഷമായിരുന്നു റഹീമിൻ്റെ പ്രതികരണം. സ്വന്തം മണ്ണിൽ നിന്ന് ആട്ടിയോടിക്കപ്പെടുന്ന മനുഷ്യരുടെ വേദനയാണ് അദ്ദേഹം പങ്കുവെച്ചതെന്ന് ഷാജികുമാർ ചൂണ്ടിക്കാട്ടി. “പരിഹസിക്കുന്നവർക്ക് കാര്യം മനസ്സിലാകാത്തതല്ല, മറിച്ച് എളുപ്പത്തിൽ ട്രോളാനാണ് അവർ ശ്രമിക്കുന്നത്. കൈയടിച്ചും പൊട്ടിച്ചിരിച്ചും ഇല്ലാതാക്കുന്നത് കിടപ്പാടം നഷ്ടപ്പെട്ട മനുഷ്യരുടെ രാഷ്ട്രീയമാണ്,” അദ്ദേഹം പറഞ്ഞു. പണ്ട് എ.കെ.ജിയെക്കുറിച്ച് നെഹ്റു പറഞ്ഞത് പോലെ അയാളുടെ ഭാഷ വടിവൊത്തതാവില്ല, പക്ഷേ അതിലെ ആശയം വ്യക്തമാണെന്നും ഷാജികുമാര്‍ പറഞ്ഞു.

കർണാടകയിൽ കുടിയൊഴിപ്പിക്കപ്പെട്ടവരെ സന്ദർശിച്ച റഹീം, കന്നഡ മാധ്യമത്തോട് ഇംഗ്ലീഷിൽ സംസാരിച്ച വീഡിയോയാണ് ട്രോളുകൾക്ക് കാരണമായത്. വ്യാകരണ പിശകുകളും പ്രയോഗങ്ങളും ചൂണ്ടിക്കാട്ടി ഒരു വിഭാഗം പരിഹസിച്ചപ്പോൾ, ഭാഷയല്ല പ്രമേയമാണ് പ്രധാനമെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ റഹീമിന് പിന്തുണയുമായി എത്തിയിരുന്നു. ട്രോളുകൾക്ക് മറുപടിയുമായി റഹീം തന്നെ നേരത്തെ രംഗത്തെത്തിയിരുന്നു.

Related Posts