ലോക്‌സഭാ മണ്ഡല പുനർനിർണയത്തിൽ 1971ലെ സെൻസസ് കണക്കുകൾ അടിസ്ഥാനമാക്കണമെന്നും നിലവിലെ 543 ലോക്സഭാ സീറ്റുകൾ അടുത്ത 25 വർഷത്തേക്ക് മാറ്റമില്ലാതെ നിലനിർത്തണമെന്നും കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ആവശ്യപ്പെട്ടു. മഹാബലിപുരത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന ദക്ഷിണ മേഖലാ കൗൺസിൽ യോഗത്തിലാണ് അദ്ദേഹം ആവശ്യം ഉന്നയിച്ചത്.

ജനസംഖ്യാ നിയന്ത്രണത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കൈവരിച്ച നേട്ടം അവരുടെ രാഷ്ട്രീയ പ്രാതിനിധ്യം കുറയ്ക്കുന്നതിനുള്ള കാരണമാകരുതെന്നാണ് ശിവകുമാറിൻ്റെ നിലപാട്. ജനസംഖ്യ നിയന്ത്രിക്കുന്നതിൽ മുന്നിട്ടുനിന്ന സംസ്ഥാനങ്ങളുടെ രാഷ്ട്രീയ ശബ്ദം ദുർബലമാകരുതെന്നും, സാമ്പത്തിക മേഖലയിലെ സംഭാവനയ്ക്ക് ആനുപാതികമായ രാഷ്ട്രീയ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ 543 സീറ്റുകളുടെ എണ്ണം അടുത്ത 25 വർഷത്തേക്ക് മരവിപ്പിക്കണമെന്നും അതിനുള്ളിൽ തന്നെ വനിതാ സംവരണം നടപ്പാക്കണമെന്നുമാണ് ശിവകുമാറിൻ്റെ നിർദേശം. ഇതിനായി ദക്ഷിണ മേഖലാ കൗൺസിൽ പ്രമേയം പാസാക്കി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടണമെന്നും അദ്ദേഹം മറ്റ് മുഖ്യമന്ത്രിമാരോട് അഭ്യർഥിച്ചു.

മണ്ഡല പുനർനിർണയം സംബന്ധിച്ച ആശങ്കകൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായിരിക്കെയാണ് ശിവകുമാറിൻ്റെ നിർദേശം. ജനസംഖ്യാ വളർച്ചയെ അടിസ്ഥാനമാക്കി പുതിയ മണ്ഡല വിഭജനം നടത്തിയാൽ ജനസംഖ്യ നിയന്ത്രണത്തിൽ വിജയിച്ച ദക്ഷിണ സംസ്ഥാനങ്ങൾക്ക് ഭാവിയിൽ രാഷ്ട്രീയ പ്രാതിനിധ്യം നഷ്ടപ്പെടുമെന്ന ആശങ്കയാണ് പ്രധാനമായും ഉയരുന്നത്.

“സാമ്പത്തിക ശക്തിക്ക് തുല്യമായ രാഷ്ട്രീയ ശബ്ദവും വേണം” എന്ന നിലപാടാണ് ശിവകുമാർ യോഗത്തിൽ മുന്നോട്ടുവച്ചത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സംയുക്ത നിലപാട് കേന്ദ്രത്തിനു മുന്നിൽ ശക്തമായി അവതരിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Posts