കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവിച്ച 16 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മാതാവ് കടന്നുകളഞ്ഞ സംഭവത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കി. വയനാട് സ്വദേശിനിയായ ഷാഹിന എന്ന യുവതിയാണ് കുഞ്ഞിനെ അപരിചിതയായ ഒരു സ്ത്രീയെ ഏൽപ്പിച്ച ശേഷം ആശുപത്രിയിൽ നിന്ന് മുങ്ങിയതെന്ന് പൊലീസ് അറിയിച്ചു.
കുഞ്ഞിനെ കൈയിലെടുത്തിരുന്ന സ്ത്രീ പിന്നീട് മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ സംരക്ഷണയിൽ കുഞ്ഞിനെ മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. മെഡിക്കൽ പരിശോധനകൾക്ക് ശേഷം കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് സ്ഥിരീകരിച്ചതോടെ വീണ്ടും പൊലീസ് സംരക്ഷണത്തിലേക്ക് മാറ്റി.
കുഞ്ഞിനെ സ്റ്റേഷനിലെത്തിച്ച സ്ത്രീയെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. അതേസമയം, ആശുപത്രിയിൽ മാതാവ് നൽകിയിരുന്ന ഫോൺ നമ്പരിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവരികയാണ്. കുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയ മാതാവിനെ കണ്ടെത്താൻ പൊലീസ് വ്യാപക തിരച്ചിൽ നടത്തിവരികയാണ്.