ആദരിക്കലല്ല, അവഹേളിക്കലാണ് സര്‍ക്കാരിൻ്റെ വാര്‍ഷികാചരണത്തില്‍ സര്‍ക്കാര്‍ ചെയ്യാന്‍ പോകുന്നതെന്ന് കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന് സമരസമിതി. ഈ മാസം 27 ന് കോട്ടയത്ത് വെച്ച് നടക്കുന്ന സംസ്ഥാന സര്‍ക്കാരിൻ്റെ നാലാം വാര്‍ഷികാചരണത്തോട് അനുബന്ധിച്ച് ആശാ സംഗമവും ആശമാരെ ആദരിക്കാനുമാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
ആശാ വര്‍ക്കര്‍മാര്‍ 70 ദിവസമായി ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുകയാണ്. സര്‍ക്കാര്‍ അതിനെ അനുഭാവപൂര്‍വ്വം പരിഹരിക്കാന്‍ ശ്രമിക്കുന്നില്ല. ന്യായമായ ഓണറേറിയം ആശമാര്‍ക്കായി കൂട്ടാന്‍ സാധിക്കാത്തവര്‍ ആശമാരെ ആദരിക്കുമെന്ന് പറയുന്നത് വിരോധാഭാസമാണെന്നും, സര്‍ക്കാരിൻ്റെ പരിപാടിയില്‍ ആളെ കൂട്ടുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നില്‍. വാര്‍ഷികം എന്ന പേരില്‍ കോടികള്‍ ചെലവിട്ട് ധൂര്‍ത്തടിക്കാനാണ് പോകുന്നത്.
ആഘോഷങ്ങളും മാമാങ്കങ്ങളും നടത്തി ഇങ്ങനെ ജനങ്ങളെ എക്കാലവും കബളിപ്പിക്കാന്‍ സാധിക്കില്ല. സര്‍ക്കാരിൻ്റെ ഈ വാര്‍ഷിക ധൂര്‍ത്തിനെ ആശാ വര്‍ക്കര്‍മാരും പൊതുസമൂഹവും ഒന്നടങ്കം ബഹിഷ്കരിക്കണമെന്ന് അവര്‍ പറഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന ആശമാരുടെ സമരം 71-ാം ദിവസത്തിലേക്കും നിരാഹാര സമരം 33-ാം ദിവസത്തിലേക്കും കടന്നു. ഓണറേറിയം വര്‍ദ്ധിപ്പിച്ച പഞ്ചായത്ത് പ്രതിനിധികളെ ആശമാര്‍ ഇന്ന് ആദരിക്കും.