നടൻ ടിനി ടോമിനെതിരായ കേസിൽ നടി അൻസിബ ഹസ്സൻ എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായി രഹസ്യമൊഴി നൽകി. ടിനി ടോം വർഗീയ അധിക്ഷേപം നടത്തിയെന്ന പരാതിയിലാണ് കടവന്ത്ര പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കോടതി നിർദേശപ്രകാരമാണ് അൻസിബയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്.

കേസിൽ നിന്ന് പിന്മാറില്ലെന്ന് അൻസിബ വ്യക്തമാക്കി. ഇനി എങ്കിലും പൊലീസ് കാര്യക്ഷമമായി അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷയെന്നും മൊഴി നൽകിയ ശേഷം അവർ പ്രതികരിച്ചു.

നേരത്തെ പരാതി നൽകിയിട്ടും പൊലീസ് കേസ് രജിസ്റ്റർ ചെയ്തില്ലെന്ന് ആരോപിച്ച് അൻസിബ കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് എറണാകുളം ജില്ലാ സെഷൻസ് കോടതി നിർദേശിച്ചതോടെയാണ് കടവന്ത്ര പൊലീസ് ടിനി ടോമിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

കേസിൽ പൊലീസ് ചോദ്യം ചെയ്യാൻ നീക്കം നടത്തിയതിന് പിന്നാലെ ടിനി ടോം മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പിന്നീട് ടിനി ടോമിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

Related Posts