കയ്പമംഗലത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ചുണ്ടായ ദാരുണാപകടത്തിൽ മരിച്ചത് തമിഴ്നാട്ടിൽ നിന്നുള്ള എട്ട് എൻജിനീയറിങ് വിദ്യാർത്ഥികൾ. വിനോദയാത്രയ്ക്കായി കേരളത്തിലെത്തിയ ദിണ്ടിഗലിലെ പിഎസ്എൻഎ എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികളാണ് അപകടത്തിൽ മരിച്ചത്. സേലം സ്വദേശി വിശ്വ (20), ദിണ്ടിഗൽ സ്വദേശി സൂര്യ (20), മധുര സ്വദേശി സന്തോഷ് (20), മധുര സ്വദേശി പ്രസന്ന, ദിണ്ടിഗൽ സ്വദേശി യുവസഞ്ജിത് (20) എന്നിവരെയാണ് നിലവിൽ തിരിച്ചറിഞ്ഞത്. മറ്റ് മരിച്ചവരുടെ വിവരങ്ങൾ സ്ഥിരീകരിച്ചുവരികയാണ്.
വെള്ളിയാഴ്ച രാത്രി 11.42ഓടെ കയ്പമംഗലം പനമ്പിക്കുന്ന് സെന്ററിലായിരുന്നു അപകടം. നിർമാണം പുരോഗമിക്കുന്ന ദേശീയപാത 66ലെ ഡൈവേർഷൻ ഭാഗത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിലേക്ക് തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാർ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. അപകടത്തിൽപ്പെട്ടവരെ പുറത്തെടുക്കുന്നതിനായി കാർ വെട്ടിപ്പൊളിക്കേണ്ടിവന്നു. എന്നാൽ വാഹനത്തിലുണ്ടായിരുന്ന എട്ടുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു.
അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും..