അബുദാബിയിൽ നിന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്ന് ഏകദേശം രണ്ട് കോടി രൂപ വിലമതിക്കുന്ന സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു. കോഴിക്കോട് എടക്കണ്ടിപൊയിൽ സ്വദേശി ജംഷീദ് (36) ആണ് അറസ്റ്റിലായത്.

പ്രത്യേകമായി തയ്ച്ചെടുത്ത അടിവസ്ത്രത്തിനുള്ളിൽ പേസ്റ്റ് രൂപത്തിൽ ഒളിപ്പിച്ചാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ സ്വർണം കണ്ടെത്തിയത്.

കസ്റ്റംസ് കെമിക്കൽ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ പേസ്റ്റ് രൂപത്തിലുള്ള വസ്തുവിൽ നിന്ന് 1,246.23 ഗ്രാം 24 കാരറ്റ് സ്വർണം വേർതിരിച്ചെടുത്തു. ഇതിന് പുറമെ, 100.21 ഗ്രാം തൂക്കം വരുന്ന രണ്ട് 24 കാരറ്റ് സ്വർണമാലകളും ഇയാളിൽ നിന്ന് പിടിച്ചെടുത്തു.

പിടിച്ചെടുത്ത സ്വർണത്തിന് 1.97 കോടി രൂപയിലധികം വിപണി മൂല്യമുണ്ടെന്നാണ് കസ്റ്റംസ് അധികൃതർ അറിയിച്ചത്. സംഭവത്തിൽ കസ്റ്റംസ് നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തി ജംഷീദിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

സ്വർണക്കടത്തിന് പിന്നിലെ സംഘത്തെക്കുറിച്ചും സ്വർണം കൈമാറേണ്ടിയിരുന്നവരെക്കുറിച്ചും കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് കസ്റ്റംസ് അറിയിച്ചു.

Related Posts