സിക്കിമിൽ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമിച്ചുകൊണ്ടിരുന്ന തുരങ്കം തകർന്നുണ്ടായ അപകടത്തിൽ മരിച്ച ജിയോളജിസ്റ്റ് പാമ്പാടി പത്താഴക്കുഴി സ്വദേശി അനീഷ് മോഹൻ്റെ മൃതദേഹം ശനിയാഴ്ച രാവിലെ ഏഴ് മണിയോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് രക്ഷാപ്രവർത്തകർ അനീഷിൻ്റെ മൃതദേഹം തുരങ്കത്തിനുള്ളിൽ നിന്ന് കണ്ടെത്തിയത്. തുടർന്ന് റോഡ് മാർഗം മൃതദേഹം കൊൽക്കത്ത വിമാനത്താവളത്തിലേക്ക് എത്തിച്ചു.

നോർക്കയുടെ ഏകോപനത്തിൽ കൊൽക്കത്ത വിമാനത്താവളത്തിൽ സജ്ജമാക്കിയ മൊബൈൽ എംബാമിംഗ് യൂണിറ്റിൽ വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെ മൃതദേഹം എംബാം ചെയ്തു. രാത്രി 11 മണിക്ക് പുറപ്പെടുന്ന എയർ ഇന്ത്യ വിമാനത്തിലൂടെയാണ് മൃതദേഹം കൊച്ചിയിലേക്ക് കൊണ്ടുവരുന്നത്.

കൊച്ചി വിമാനത്താവളത്തിൽ നിന്ന് കോട്ടയം ജില്ലയിലെ പാമ്പാടിയിലെ അനീഷിൻ്റെ വസതിയിലേക്ക് മൃതദേഹം എത്തിക്കുന്നതിനായി ആംബുലൻസ് സൗകര്യവും നോർക്ക ഒരുക്കിയിട്ടുണ്ട്. കുടുംബാംഗങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കിയതായി അധികൃതർ അറിയിച്ചു.

Related Posts