നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച യുവാക്കൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും മറ്റ് കോൺഗ്രസ് നേതാക്കളെയും അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് കർണാടക പ്രവാസി കോൺഗ്രസ് ബെംഗളൂരു, ബെഗൂർ റോഡ്, ഹുള്ളഹള്ളിയിലെ ഐ ലീഫ് ഓഫീസിൽ വായ്മൂടിക്കെട്ടി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
“ഇന്ത്യൻ യുവതയുടെ ശബ്ദത്തെ അടിച്ചമർത്താനാകില്ല… ജനാധിപത്യത്തിൻ്റെ ശബ്ദത്തെ തടവിലാക്കാനാവില്ല” എന്നും “നീതിക്കുവേണ്ടി ഉയരുന്ന ഓരോ ശബ്ദവും നാളെയുടെ ഇന്ത്യയുടെ പ്രതീക്ഷയാണ്” എന്നും പ്രതിഷേധക്കാർ മുദ്രാവാക്യം മുഴക്കി. ഭരണഘടനാ മൂല്യങ്ങളെയും ജനാധിപത്യ അവകാശങ്ങളെയും സംരക്ഷിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളും ഒരുമിച്ച് മുന്നോട്ടുവരണമെന്നും നേതാക്കൾ ആഹ്വാനം ചെയ്തു.
പരിപാടിയുടെ സംഘാടക ചുമതല കെ.പി.സി ജനറൽ സെക്രട്ടറി അലക്സ് ജോസഫ് നിർവഹിച്ചു. ജോണിച്ചൻ, അലക്സ് ജോസഫ്, ദിനു എന്നിവർ പ്രതിഷേധ സംഗമത്തിൽ സംസാരിച്ചു. ഡിജോ, ജോൺസൻ, തങ്കച്ചൻ, സാബു, മാത്യു, രാജേഷ്, കുര്യൻ, ഡെന്നി, ഷിബു ശിവദാസ്, തരുണ്‍ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.