പാലക്കാട് വാണിയംകുളം സ്വദേശികളായ ഒരേ കുടുംബത്തിലെ മൂന്ന് പേരെ നാല് ദിവസമായി കാണാതായ സംഭവത്തിൽ ഷൊർണൂർ പൊലീസ് അന്വേഷണം ഊർജിതമാക്കി. വാണിയംകുളം കൃഷ്ണകൃപ വീട്ടിൽ ബാബു ഭാസ്കർ (68), ഭാര്യ രമാദേവി (65), മകൻ വിഷ്ണു (32) എന്നിവരെയാണ് ബന്ധുക്കളുടെ പരാതിയെ തുടർന്ന് കാണാതായതായി കണ്ടെത്തിയത്.

കഴിഞ്ഞ നാല് ദിവസമായി ഇവരുടെ വീട് പൂട്ടിക്കിടക്കുന്നതും ഫോണുകളിൽ ബന്ധപ്പെടാൻ കഴിയാത്തതും സംശയത്തിനിടയാക്കി. തുടർന്ന് ബന്ധുക്കൾ അയൽവാസികളെ വിവരമറിയിക്കുകയും പിന്നീട് പൊലീസിൽ പരാതി നൽകുകയും ചെയ്തു.

വ്യാഴാഴ്ച പുലർച്ചെ കുടുംബത്തിൻ്റെ പിക്കപ്പ് വാഹനം വീട്ടിൽ നിന്ന് പുറപ്പെടുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. മൂന്നുപേരും ആ വാഹനത്തിൽ പോയതായാണ് പ്രാഥമിക നിഗമനം.

മൊബൈൽ ഫോണുകൾ എല്ലാം സ്വിച്ച് ഓഫ് ആയ നിലയിലാണ്. ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ അവസാന സിഗ്നൽ വീട് സ്ഥിതി ചെയ്യുന്ന പനയൂർ പ്രദേശത്താണ് രേഖപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

Related Posts