കേരളത്തിലെ സ്കൂളുകളില്‍ കലാ – കായിക വിനോദങ്ങള്‍ക്കുള്ള പീരിഡുകളില്‍ മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കരുതെന്ന് നിര്‍ദേശം. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്. വിദ്യാര്‍ത്ഥികളില്‍ നിന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന് പരാതി ലഭിച്ച സാഹചര്യത്തില്‍ കമ്മീഷൻ്റെ നിര്‍ദ്ദേശ പ്രകാരമാണ് പൊതു വിദ്യാഭ്യാസ വകുപ്പ് പ്രത്യേക സര്‍ക്കുലര്‍ പുറത്തിറക്കിയത്.
കേരളത്തിലെ സ്കൂളുകളിലെ ഒന്ന് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളില്‍ കലാ – കായിക വിനോദങ്ങള്‍ക്കുള്ള പീരിഡുകളില്‍ മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് ബാലാവകാശ കമ്മീഷന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്കിയ നോട്ടീസില്‍ പറയുന്നു. ഇത് സംബന്ധിച്ച് കുട്ടികളുടെ ഭാഗത്തു നിന്ന് പരാതികളും ലഭിച്ചു. ഇങ്ങനെ കലാ – കായിക വിനോദങ്ങള്‍ക്കുള്ള പീരിഡുകളില്‍ മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കുന്നത് കുട്ടികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതിന് തുല്യമാണെന്നും ബലാവകാശ കമ്മീഷനില്‍ ലഭിച്ച പരാതിയില്‍ ആരോപിച്ചിരുന്നു.