തിരുവനന്തപുരംതിരുവല്ലത്ത് രണ്ട് ഐടി ജീവനക്കാർ മരിച്ച ബൈക്ക് അപകടക്കേസിൽ നിർണായക വഴിത്തിരിവ്. ബൈക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടമല്ല, പിന്നിൽ നിന്ന് കാർ ഇടിച്ചതാണ് മരണത്തിന് കാരണമെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. അപകടത്തിന് ശേഷം നിർത്താതെ കടന്നുപോയ കാറും ഡ്രൈവറെയും പൊലീസ് പിടികൂടി. മലയിൻകീഴ് സ്വദേശിയായ വിപിൻ ആണ് അറസ്റ്റിലായത്. അപകടമുണ്ടാക്കിയ ശേഷം വാഹനം നിർത്താതെ പോയതായി ഇയാൾ പൊലീസിനോട് സമ്മതിച്ചതായി അധികൃതർ അറിയിച്ചു. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങളും അന്വേഷണത്തിന് നിർണായക തെളിവായി.

എറണാകുളം സ്വദേശി നവീൻ സിബിയും തൊടുപുഴ സ്വദേശി മൃദുല ആൻ ഉമ്മനും (25) ആണ് അപകടത്തിൽ മരിച്ചത്. ടെക്നോപാർക്കിലെ ഐടി കമ്പനിയിലെ എൻജിനീയറായ നവീനും കിൻഫ്രയിലെ ഐടി ജീവനക്കാരിയായ മൃദുലയും ബൈക്കിൽ കോവളം ഭാഗത്തേക്ക് പോകുന്നതിനിടെയാണ് തിരുവല്ലം ടോൾപ്ലാസയ്ക്ക് സമീപം അപകടമുണ്ടായത്.

ഇരുവർക്കും തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നവീൻ്റെ ജന്മദിനമായിരുന്നു അപകടം നടന്ന ദിവസം എന്നതും സംഭവത്തിന് കൂടുതൽ ദുഃഖഭാരമേകുകയാണ്. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് തിരുവല്ലം പൊലീസ് അറിയിച്ചു.

Related Posts