കേരളത്തെ അന്താരാഷ്ട്ര കടൽ ടൂറിസത്തിൻ്റെ പ്രധാന കേന്ദ്രമാക്കി മാറ്റാനുള്ള സംസ്ഥാന സർക്കാരിൻ്റെ പദ്ധതിക്ക് കരുത്തേകി കൊച്ചിയിൽ നിന്ന് ആദ്യമായി വിദേശ ക്രൂയിസ് സർവീസുകൾ ആരംഭിക്കുന്നു. ബഹാമാസിൽ രജിസ്റ്റർ ചെയ്ത ‘കോർഡെലിയ എംപ്രസ്’ കമ്പനിയാണ് ഒക്ടോബർ 25 മുതൽ കൊച്ചി തുറമുഖത്ത് നിന്ന് അന്താരാഷ്ട്ര ക്രൂയിസ് സർവീസുകൾ ആരംഭിക്കുന്നത്.
പുതിയ സീസണിൽ കമ്പനി ആകെ 64 സർവീസുകൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ഇതുവരെ വിദേശ ക്രൂയിസ് കപ്പലുകൾക്ക് ഇടത്താവളമായിരുന്ന കൊച്ചി, ഇനി യാത്രയുടെ ആരംഭവും അവസാനവും നടക്കുന്ന ഹോം പോർട്ടായി മാറുകയാണ്. കൊച്ചിയിൽ നിന്ന് നേരിട്ട് ക്രൂയിസ് സർവീസുകൾ ആരംഭിക്കുന്നത് ആദ്യമായാണെന്ന് കൊച്ചിൻ പോർട്ട് അധികൃതർ അറിയിച്ചു.
ആദ്യ സർവീസ് കൊച്ചിയിൽ നിന്ന് പുറപ്പെട്ട് മാലിദ്വീപും ശ്രീലങ്കയിലെ കൊളംബോയും സന്ദർശിച്ച ശേഷം അഞ്ചു രാത്രികൾക്കുശേഷം വീണ്ടും കൊച്ചിയിലെത്തും. ഇതിനൊപ്പം, വെള്ളിയാഴ്ച രാത്രി പുറപ്പെട്ട് ഞായറാഴ്ച രാവിലെ തിരിച്ചെത്തുന്ന രണ്ട് രാത്രികൾ ഉൾപ്പെടുന്ന പ്രത്യേക വീക്കൻഡ് ക്രൂയിസ് സർവീസും ഒരുക്കിയിട്ടുണ്ട്.
210 മീറ്റർ നീളവും 11 ഡെക്കുകളുമുള്ള ആഡംബര കപ്പലായ കോർഡെലിയ എംപ്രസ് ആണ് ഇരു സർവീസുകൾക്കും ഉപയോഗിക്കുന്നത്. ഞായർ, വെള്ളി ദിവസങ്ങളിൽ മാത്രമേ കപ്പൽ കൊച്ചി തുറമുഖത്തുണ്ടാകൂ. മറ്റ് ദിവസങ്ങളിൽ കടൽയാത്രയിലായിരിക്കും. പദ്ധതി വിജയകരമായാൽ ഭാവിയിൽ കൊച്ചിയിൽ നിന്ന് കൂടുതൽ അന്താരാഷ്ട്ര ക്രൂയിസ് സർവീസുകൾ ആരംഭിക്കാനും കമ്പനി ആലോചിക്കുന്നതായി അധികൃതർ അറിയിച്ചു.