ബെംഗളൂരുവിലെ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളം ദക്ഷിണ ബെംഗളൂരുവിൽ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു. ഭൂമിവില താരതമ്യേന കുറവുള്ളതും കുന്നിൻപ്രദേശങ്ങൾ ഇല്ലാത്തതുമായ അനുയോജ്യമായ സ്ഥലം കണ്ടെത്തി കേന്ദ്രസർക്കാരിന് നിർദേശം സമർപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു.
അടിസ്ഥാന സൗകര്യ വികസന മന്ത്രി എം.ബി. പാട്ടീലും മുതിർന്ന ഉദ്യോഗസ്ഥരുമായുള്ള യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പദ്ധതിയുടെ ഭാഗമായി ഗ്രാമവാസികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകരുതെന്നും ഗ്രാമങ്ങളെ കുടിയൊഴിപ്പിക്കേണ്ട സാഹചര്യം ഒഴിവാക്കണമെന്നും അദ്ദേഹം നിർദേശിച്ചു. വീടുകൾ കുറവുള്ള പ്രദേശം കണ്ടെത്താനായാൽ ആവശ്യമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുമെന്നും വ്യക്തമാക്കി.
കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ വർധിച്ചുവരുന്ന തിരക്ക് കുറയ്ക്കുന്നതിനായാണ് ബെംഗളൂരുവിൽ രണ്ടാമത്തെ വിമാനത്താവളം നിർമ്മിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ സാങ്കേതിക റിപ്പോർട്ട് ലഭിച്ചശേഷം സാധ്യതാ പഠനം പൂർത്തിയാക്കി അന്തിമ തീരുമാനം കൈക്കൊള്ളും.
നേരത്തെ ഹരോഹള്ളി–കനകപുര റോഡ് മേഖലയിലെ രണ്ട് സ്ഥലങ്ങളും നെലമംഗല–കുനിഗൽ റോഡ് മേഖലയിലെ ഒരു സ്ഥലവും ഉൾപ്പെടെ മൂന്ന് സ്ഥലങ്ങൾ സംസ്ഥാന സർക്കാർ ഷോർട്ട്ലിസ്റ്റ് ചെയ്തിരുന്നു. ഇവ എ.എ.ഐ ഉദ്യോഗസ്ഥർ ഇതിനകം സന്ദർശിച്ചിട്ടുണ്ട്.