ആറ്റിങ്ങലിന് സമീപം കടയ്ക്കാവൂർ ചാവടിമുക്കിൽ നടുറോഡിൽ യുവതിക്കുനേരെ നടന്ന ക്രൂരാക്രമണത്തിൽ ഒരുകൈ പൂർണമായും അറ്റുപോയി. കടയ്ക്കാവൂർ സ്വദേശിനി വിജി (38)യെ രണ്ടാം ഭർത്താവ് അനു വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ചതായാണ് പോലീസ് പറയുന്നത്. ഗുരുതരമായി പരിക്കേറ്റ വിജിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കോട്ടയത്ത് ജോലി ചെയ്യുന്ന വിജി ഇന്ന് നാട്ടിലെത്തിയ ശേഷം അനു ജോലി ചെയ്യുന്ന വർക്ക്ഷോപ്പിലെത്തിയിരുന്നു. അവിടെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായതിനെ തുടർന്ന് പ്രകോപിതനായ അനു വർക്ക്ഷോപ്പിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് വിജിയുടെ തലയിലും കൈകളിലും ആക്രമണം നടത്തുകയായിരുന്നു.
ആക്രമണത്തിൽ വിജിയുടെ ഒരു കൈ പൂർണമായും അറ്റുപോയതായും മറ്റേ കൈയ്ക്കും ഗുരുതര പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി യുവതിയെ ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിന് പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതി അനുവിനെ പോലീസ് അതിവേഗം പിടികൂടി കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
ഒരു വർഷം മുൻപും വിജിക്കുനേരെ സമാനമായ ആക്രമണം നടന്നിരുന്നുവെന്നാണ് വിവരം. പുതിയ സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ കുടുംബവഴക്കും മുൻവൈരാഗ്യവും ഉൾപ്പെടെയുള്ള എല്ലാ സാധ്യതകളും പരിശോധിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.