ജന്തർ മന്തറിൽ നടന്ന വിദ്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ട് വിവാദ പരാമർശങ്ങൾ നടത്തിയെന്ന കേസിൽ ആർഎസ്എസ് അനുഭാവി ടി.ജി. മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചി മട്ടാഞ്ചേരിയിലെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനകൾക്ക് ശേഷമാണ് നടപടി. തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് മട്ടാഞ്ചേരിയിലെത്തിയത്. പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് മോഹൻദാസിനെ കസ്റ്റഡിയിലെടുത്തത്.

ജന്തർ മന്തറിലെ പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കും സമരത്തിലുണ്ടായിരുന്ന യുവതികൾക്കുമെതിരെ വിദ്വേഷവും അധിക്ഷേപവും നിറഞ്ഞ പരാമർശങ്ങൾ നടത്തിയെന്ന പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. സംഭവത്തിൽ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.

പത്ത് ദിവസം മുമ്പാണ് മോഹൻദാസിനെതിരെ കലാപാഹ്വാനം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുത്തത്. കേസുമായി ബന്ധപ്പെട്ട തെളിവുകളും ഡിജിറ്റൽ വിവരങ്ങളും ശേഖരിക്കുന്നതിൻ്റെ ഭാഗമായാണ് വീട്ടിൽ പരിശോധന നടത്തിയതെന്നാണ് വിവരം. കസ്റ്റഡിയിലെടുത്ത മോഹൻദാസിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. തുടർന്ന് തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Related Posts