ഭോപ്പാൽ: മധ്യപ്രദേശിലെ ധാർ ജില്ലയിൽ കാറും കണ്ടെയ്‌നർ ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറുപേർ മരിച്ചു. ബഡ്നാവർ ടൗണിൽ നിന്ന് നാല് കിലോമീറ്റർ അകലെയുള്ള പഞ്ചക് വസയ്ക്ക് സമീപം ഉച്ചയ്ക്ക് 1.30ഓടെയാണ് അപകടമുണ്ടായത്.
ഉജ്ജയിനിൽ നിന്ന് വരികയായിരുന്ന കണ്ടെയ്‌നർ ട്രക്ക് എതിർദിശയിൽ എത്തിയ കാറിൽ ഇടിക്കുകയായിരുന്നു എന്നാണ് അധികൃതർ പറയുന്നത്. കാറിലുണ്ടായിരുന്ന ആറ് പേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
മരിച്ചവർ ഗുജറാത്ത് സ്വദേശികളാണെന്ന് പൊലീസ് അറിയിച്ചു. അപകടത്തിന് പിന്നാലെ കണ്ടെയ്‌നർ ട്രക്ക് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവസ്ഥലത്ത് പൊലീസ് എത്തി തുടർനടപടികൾ സ്വീകരിച്ചു. അപകടത്തിൻ്റെ കൃത്യമായ കാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.