നഴ്സിങ് രംഗത്തെ സേവനങ്ങളെ എന്തുകൊണ്ടാണ് അവശ്യ സർവീസായി പ്രഖ്യാപിക്കാത്തതെന്ന് ഹൈക്കോടതി, സംസ്ഥാന സർക്കാരിനോട്. നഴ്സിങ് മേഖലയെ അവശ്യ സർവീസായി പ്രഖ്യാപിച്ചുകഴിഞ്ഞാൽ പിന്നെ നഴ്സുമാർക്ക് സമരം ചെയ്യാൻ അവകാശമുണ്ടാകില്ലെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വാക്കാൽ പരാമർശിച്ചു.
ആശുപത്രി മാനേജ്മെന്റുകൾ ജീവനക്കാർക്ക് മതിയായ ശമ്പളം നൽകുന്നില്ലെന്ന ആരോപണങ്ങളെ കോടതി ന്യായീകരിക്കുന്നില്ല. എന്നാൽ, അതിന്റെ പേരിൽ ആശുപത്രികളുടെ പ്രവർത്തനം തടസ്സപ്പെടുത്തിക്കൊണ്ട് സമരം ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ന്യായമായ ശമ്പളം ലഭിക്കുന്നില്ലെങ്കിൽ അതിനായി നിയമപരമായ മറ്റ് മാർഗ്ഗങ്ങളാണ് തേടേണ്ടത്. ഡ്യൂട്ടി സമയത്തിന് ശേഷം പ്രതിഷേധിക്കുക എന്നതുൾപ്പെടെയുള്ള രീതികൾ ഇതിനായി സ്വീകരിക്കാവുന്നതാണെന്നും കോടതി അഭിപ്രായപ്പെട്ടു.